അന്യദേശ തൊഴിലാളികൾ
നിസംഗതയുടെ ഒറ്റ നോട്ടം മതി,
പരദേശത്തിന്റെ ചൂടറിയാൻ.
വിഷാദ നുഖങ്ങൾ ചുമലിലേറ്റി,
ജീവിത നിലമുഴുന്ന കാളകൾ !
അവരുടെ പേരുകളിൽ
മണ്ണിലേക്കാഴ്ന്ന വേരുകളില്ല
പടർന്നയിലകളുടെ തണലില്ല
ചരിത്രമെഴുതും ലിപികളില്ല
നിണപ്പാടങ്ങളിലുപ്പു പടർന്ന്
തണുത്തു മരവിച്ചു പോയ
നിസ്സഹായ ഹസ്തങ്ങൾ മാത്രം
ദേശക്കൂറിന്റെ മാത്സര്യത്തിൽ,
മാസം ഭക്ഷിക്കുന്നവനൊപ്പമോ,
തിന്നവനെ കൊല്ലുന്നവനൊപ്പമോ
ആരോടൊപ്പവും അവനു നിൽക്കാം
നിരാലംബന്റെ ചുണ്ടുകൾ
മുദ്രാവാക്യങ്ങൾ മുഴക്കില്ലല്ലോ?
പരിചിത ഭാവങ്ങളുടെ വേലിയേറ്റമില്ല
കുടിയിറക്കങ്ങളുടെ ഭീഷണിയുമായി
പീടികത്തിണ്ണകളുടെ നോട്ടീസുകൾ
കൈപ്പറ്റുന്ന വേഗതയിൽ തന്നെ
ഉറക്കങ്ങൾ പൊളിച്ചെടുത്ത്
രാത്രിസഞ്ചാരത്തിന് വഴികൾ തേടും
ആധി പേറി; ദൂര പരിധിയില്ലാതെ
നിലവിളികൾ ചങ്കിലൊടുങ്ങുന്ന
മൃതപ്രായരുടെ പ്രാർത്ഥനകൾ
അങ്ങ് മണ്ണടിഞ്ഞ മുൻഗാമികൾ
കേൾക്കുവാൻ മാത്രമായൊതുങ്ങുന്നു!
അക്ഷരത്തെറ്റുകൾ നിറഞ്ഞ
വെട്ടിമാറ്റപ്പെട്ട ഭൂപടത്തിൽ
എവിടെയും ഇടം ലഭിക്കാതെ
യാത്രയാണ്; വെച്ചു കെട്ടിയ
നുഖങ്ങളിപ്പോഴും ഇരു ചുമലിലും
അമർന്നേയിരിക്കുന്നു
-----------iiiii
Not connected : |