ചുവപ്പു നാടകള്‍ - മലയാളകവിതകള്‍

ചുവപ്പു നാടകള്‍ 

പകലുറക്കങ്ങളിൽ
സ്വപ്നം പെയ്യുന്ന
ആപ്പീസു മുറികളിലാണ്
ചുവന്ന നാടക്കുരുക്കുകൾ
കണ്ഠ നാളങ്ങളെ
ശ്വാസം മുട്ടിക്കുന്നത്
അംശം അധികാരിയുടെ
ചങ്ങല വലികളാണ്
മണ്ണ് നഷ്ടമായവന്റെയതിരിൽ
കോലളവിന്റെ ചരിത്രമായി
ഇപ്പോഴും ഉറങ്ങുന്നത്
കനൽ കോരിയ കർഷകന്റെ
നിലവിളിയുടെ വിളവെടുപ്പുകൾ
കെട്ടിവെച്ച ഫയലുകൾ
ഇടയ്ക്കിടയ്ക്ക് തുറന്നു നോക്കി
ജയ് കിസാനെന്നു വിളിക്കാറുണ്ട്
ചുമരിലെ ചിത്രം നോക്കി
നമ്മുടെ രാഷ്ട്രപിതാവിനെ
വെറുതെ സ്മരിച്ചാൽ പോരാ
കീശയിലേക്ക് ഗാന്ധി വീണാലേ
ഏത് ജവാന്റെ മുമ്പിലും
തലയുയർത്തി നോക്കാനാവൂ
മേലധികാരിയുടെ മീശക്കറുപ്പിന്
കനം കൂടിയ ചായം പൂശാനെന്നും
പാതി വിഹിതം എത്തിക്കാറുണ്ട്
മറക്കാതെ;തപാലില്ല,നേരിട്ട്
ചേറും വിയർപ്പും പുരണ്ട
നോട്ടുകളുടെ സഞ്ചാരപഥം
വേദനിച്ചു പുളഞ്ഞ് നീതിയുടെ
വാതിലുകൾ തേടുകയാണ്
അപ്പൻ വാങ്ങിയ വസ്തുവിനും
പോക്കുവരവ് നടത്താൻ
കാൽക്കാശിന് കാത്തു നിപ്പാണ്
അധികാരത്തിന്റെ വടികൾ


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:10-07-2017 04:40:08 PM
Added by :Arif Thanalottu
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :