കെടാവിളക്ക്
സ്നേഹം കൊണ്ട് വിശുദ്ധയായ
ഒരൊറ്റ നെറ്റിത്തടത്തിൽ മാത്രമേ
കിനാവള്ളികൾ പടർന്ന ഇരുട്ടിലും
കണ്ണുകൾ ചുണ്ടുകൾക്കു വേണ്ടി
അവിശ്രമം പ്രാർത്ഥനയർപ്പിച്ചുള്ളൂ
ആകാശച്ചെരുവിലപ്പോളും '
വെളിച്ചമില്ലാതെ ഒരു നക്ഷത്രം
പുഞ്ചിരിക്കാൻ മടി പിടിച്ചിരുന്നു
വേനലിന്റെ പുലരി പിറക്കും മുമ്പ്
മഞ്ഞു തുള്ളികൾ വിട ചൊല്ലവേ
എവിടെയോ ഒരു ശവം നാറിപ്പൂവ്
കാറ്റിനെ ദുർഗന്ധിയാക്കിയിരുന്നു
വിയർപ്പ് സ്വയം മണത്തു നോക്കി
മൂക്ക് പൊത്തി നടന്നു പോയി
രാത്രികൾ പുനർജന്മത്തിനായി
കല്ലറകളിളക്കിപ്പറിക്കുമ്പോൾ
വിശുദ്ധയുടെ നെറ്റിത്തടത്തിൽ
കൊതിതീരാത്ത മെഴുകുതിരി നാളം
വെളിച്ചം പൊത്തിപ്പിടിച്ചിരുന്നു
Not connected : |