മാറ്റമില്ലാത്ത മാറ്റങ്ങൾ
കാലം തെറ്റാതെ കൊന്നയും പൂത്തൂ
വിഷുവിന്റെ വരവറിയിച്ചാ വിഷു പക്ഷിയും പാടി
മീനച്ചൂടിലൊരു ഗദ്ഗദം പോലീ
മണ്ണില്‍ ലയിക്കുന്ന മൂകമാം മഴത്തുള്ളിയും
കാറ്റിലാടിയാടിയുലഞ്ഞങ്ങു നിൽക്കുന്നു
ഇല പോയ മാമരങ്ങൾ കാലത്തെ
കടന്ന മുത്തശ്ശി പോലെ
ചേറിലാണ്ടൊരാ ചെറുമീന്‍ പോലെ ചേലോടെയാറ്റിലേക്കോടുന്ന ബാല്യങ്ങൾ
പരൽമീനിനെ പിടിപ്പാനായ് പകലിന്റെ ചൂടേറ്റു കശുമാങ്ങയും നുണഞ്ഞന്നിന്റെ ബാല്യങ്ങൾ
ഇന്നെല്ലാം പറയാതകന്നുവോ പിണങ്ങി തിരിഞ്ഞെങ്ങോ പോകയോ കാലവും
പൂക്കാൻ മറന്നൂ കൊന്ന മരങ്ങളും
പാടാന്‍ മറന്നീ വിഷുപക്ഷിയും
മീനവെയിലിനോടെന്തോ ചൊല്ലിക്കലഹിച്ചു
പൊഴിയാതെ പോയീ പുതുമഴത്തുള്ളയും
ചേതനയറ്റൊരാ തനു പോലെ താങ്ങിനായ് കേഴുന്നു ഇന്നീവൻമരങ്ങളും
ഒഴുകാൻ മറന്നതോ ബാല്യങ്ങളെ കാണാതെ വഴിയറിയാതുഴലുന്നതോ
ഇന്നാറു പോലും
കാവും കശുമാവും പരൽമീനുമെല്ലാം കാലം മായ്ച്ചൊരാ കമനീയ ചരിത്രമാവുകയോ.....
ഈ മാറ്റങ്ങൾ തന്ന ദുഃഖവും പേറി ഞാനാം അമ്മ ,
നടന്നകലുന്നൂ മകളേ നിനക്കായി കാത്തുവക്കാനാവാതെ പോയ ഭൂതകാലത്തിന്റെ നിറമുള്ള ചിത്രങ്ങളെ ഓർത്ത് ....
ഒരു നൂറു മാപ്പപേക്ഷയോടെ ,
മാറ്റമില്ലാതെ ഭൂമിയില്‍ ഉള്ളത് മാറ്റങ്ങൾ മാത്രമെന്ന ഓർമ്മപ്പെടുത്തലോടെ .......
Not connected : |