കർമ്മ
കൊഴിയുന്ന മുടികൾ...
അടരുന്ന നഖങ്ങൾ...
ചുക്കിച്ചുളിഞ്ഞ പുറംതോടുകൾ..
ആശിച്ചതാണല്ലോ കൺമണി?
കട്ടിയുള്ള കറുത്ത കണ്ണടയും..
ഒടുവിൽ,
പിരിയുമ്പോൾ ധരണിയേ..
ഇരുട്ടിലായിരുന്നോവിത്ര നാൾ?
കണ്ടതില്ല നിഴലും നിഴൽക്കൂത്തും തെല്ലു പോലും..
മാറി നിന്നൊരാ
ഭയം, മരണഭയമെന്റെ-
കരിനിഴലിൽ വീണ് വിറപ്പൂണ്ട് വിറളി പിടിപ്പതും,
കലിയായ്, അമർഷമായ്,
ഹൃദയചെപ്പിലോളിച്ചുവെച്ചൊരാ
ഓർമ്മകളുടെ തിളക്കവും..
കണ്ണിൽ, കറുത്ത കവിളിൽ,
തെളിനീർ ഒഴുകുകയായ്..
ഇനി ഭയമാണെനിക്കഭയം.
അകക്കാമ്പിലെവിടെയോ
മരവിച്ചുക്കൊണ്ടിരിക്കുന്ന തുടിതാളങ്ങൾ..
ശ്രുതിയറ്റ ഹൃദയസ്പന്ദനങ്ങൾ..
അതിലോരോ സ്വരങ്ങളും,
ഓരോ ശലഭങ്ങളായ്...
ഇന്നീ ഭൂമിതൻ അന്തരീക്ഷം കീറി മുറിച്ചുയരണം..
മഞ്ഞായ് ഞാൻ തിരിച്ചിറങ്ങാം..
മഴയായ് ഞാൻ തിരഞ്ഞിറങ്ങാം,
ഉറ്റവരെയുമെന്റെയുടവരേയും.
ഞാനായ് പൊഴിഞ്ഞ മഞ്ഞോളം,
ഇനി അക്ഷരച്ചാറുകൾ നീർവലിയാൻ നേരമെടുത്തേക്കാം.
ഞാനായ് പൊലിഞ്ഞ മഴയോളം,
ഒരു സാരംഗിതൻ പിഴച്ച ജപനാദങ്ങളും ബാക്കിയാകാം..
മാതൃമടിത്തട്ടിൽ നിന്നും മൺകൂനയോളം,
ഒരു കുഞ്ഞു ജീവിതം..
മഴ കുടഞ്ഞ മഷികളിൽ
കണ്ണീരു ചാലിച്ച് പുളിപ്പിച്ചെടുത്ത വിടുഭോഷുകൾ
ഞാനൊരു ശവപ്പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ആ പേടകത്തിനത്താണ് ഇപ്പോൾ നീയും ഞാനും..
തുറന്നെനെ വായിക്കുക..
മാംസഖണ്ഡങ്ങൾ പുഴുത്തു തുടങ്ങും മുൻപേ..
Not connected : |