ഇരുട്ട്  - ഇതരഎഴുത്തുകള്‍

ഇരുട്ട്  

ഇരുട്ട്

സ്വപ്നങ്ങളും, മോഹങ്ങളും
ഒരു ഇടവപ്പാതിയിൽ ഒഴുക്കി,
വേറൊരു വ്യക്തിയാകാമെന്നുറച്ചു
തീവണ്ടി കയറിയപ്പോൾ ചുറ്റും ഇരുട്ട്.

രാവുകളും പകലുകളും കടന്നെത്തിയ
നഗരത്തിലെ തിരക്കിലേയ്ക്ക്,
പുതിയ ജീവിതത്തിലേയ്ക്ക്
സ്വാഗതം നൽകിയതും ഇരുട്ട്.

ചിരിയും, കളികളും മറന്ന്
അടുക്കളയുടെയും, അഴുക്കുതുണികളുടെയും ലോകത്ത്‌
ജനലിഴകളിലൂടെ കണ്ട നീലാകാശത്തേക്കാൾ,
നിശ്ശബ്ദതയിൽ ശക്തി പകർന്നത് ഇരുട്ട്.

കാമമല്ല സ്നേഹം, എന്ന മനസ്സിലെ മുറവിളികളിലും
എന്നിലെ ഗ്രാമത്തിൻ നന്മയിൽ,
എല്ലാം നെടുവീർപ്പുകളിൽ, ഗദ്ഗദത്തിൽ
ഒതുക്കിയപ്പോഴും കൂട്ടായിരുന്നത് ഇരുട്ട്.

കൈയ്ക്കുള്ളിൽ വയ്ക്കാതിരുന്നതിനാൽ മാത്രം
മിന്നാമിനുങ്ങുകളായി തിളങ്ങിയ
ബന്ധങ്ങൾ പറന്നകന്നപ്പോഴും,
നക്ഷത്രങ്ങളുടെ വെളിച്ചം നൽകിയത് ഇരുട്ട്.

ഒറ്റപ്പെടലിൽ തപ്പിത്തടഞ്ഞും,
പുരുഷഗന്ധത്താൽ വീർപ്പുമുട്ടിയും
തള്ളി നീക്കിയ നാളുകൾക്കൊടുവിൽ-
പ്രകാശമുണ്ടെന്നു കാണിച്ചതും ഇരുട്ട്.

സ്ത്രീ, കാമിനി മാത്രമല്ല,
മനസ്സിനെ കല്ലാക്കി മാറ്റാൻ കഴിവുള്ളവളെന്നും,
മൗനത്തിനു പ്രതികാരത്തിന്റെ സുഖമെന്നും
പഠിക്കാൻ എനിക്ക് കൂട്ടിരുന്നതും ഇരുട്ട്.

വീണ്ടും സ്വപ്ങ്ങൾ നെയ്യുവാനും,
പ്രതീക്ഷയോടെ, പതറാതെ ഉറച്ച കാൽവെയ്പുകൾക്ക്
ശക്തി നൽകിയതും, എന്നെ ഞാനാക്കിയതും
ഇന്നെന്റെ കൂട്ടായ, ഞാൻ പ്രണയിക്കുന്ന അതേ ഇരുട്ട്.




up
0
dowm

രചിച്ചത്:ശ്രീഭ
തീയതി:24-07-2019 11:08:17 AM
Added by :Sreeba
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :