ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവളേ,
ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവളേ,
അവസാന ചുമതലയും ഇന്ന് തീർത്തിരിക്കുന്നു.
നീ പോയതിൽ പിന്നെ
നിറം കെട്ടുപ്പോയ മേഘങ്ങളും
തളിർക്കാതെ പോയ വസന്തങ്ങളും
മടിച്ചു പെയ്ത മഴത്തുള്ളികളും
നക്ഷത്രങ്ങളില്ലാത്ത രാത്രികളിൽ
എന്നെ ദീനചിത്തനാക്കി.
എനിക്കു ചുറ്റും ഇപ്പോൾ ദുർമന്ത്രവാദികളും ദുരാചാരികളുമാണ്.
അവരുടെ വേദങ്ങളിൽ എന്റെ ചെവികൾ പഴുത്തു ചലം കെട്ടുന്നു.
ഇവിടം ദു:ഖപൂരിതമാണ്.
ഈ പരവതാനിയിൽ അവർ ചില്ലു തുണ്ടുകൾ വിരിച്ചിട്ടിരിക്കുന്നു.
നിന്നിലേക്ക് നടന്നു കയറാനുള്ള ഈ ദൂരം നീണ്ടു നീണ്ടു പോകുന്നു.
എന്റെ ചുമലിൽ ഒരു ഭാരമുണ്ട്.
നാമൊന്നിച്ച് തീർത്ത മിഥ്യാ സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ട്.
നഷ്ടസ്വപ്നങ്ങളുടെ ആ ഭാണ്ഡക്കെട്ടിൽ നിനക്കു തരാൻ കൊതിച്ച ആ കുഞ്ഞിപ്പാവയുമുണ്ട്.
അതിന്റെ ഹൃദയം മിടിച്ചു തുടങ്ങിയിരിക്കുന്നു.
അവളെ താലോലിച്ച് നിനക്ക് ഒരമ്മയാകാം..
ഞാനവൾക്ക് അച്ഛനുമാകാം ..
നിലവിളികളിലും കലാപങ്ങളിലും നമ്മുടെ വെളുത്ത റോസാപുഷ്പങ്ങൾ എന്നോ ഇരുണ്ട നിറമായി.
ഇവിടം പ്രണയം നശിച്ചിരിക്കുന്നു.
മനുഷ്യരെ ഞാൻ ഭയപ്പെടുന്നു.
നീ അപ്രത്യക്ഷമായ ഈ ഭൂമി എന്റേതുമല്ല.
ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവളേ,
ഇനിയും വയ്യ.
എന്റെ പാദങ്ങൾ വിണ്ടു കീറുന്നു.
എന്റെ കൈവെള്ളകൾ തണുത്തു മരവിക്കുന്നു.
നിന്റെ മിഴികളിലേക്ക് ഞാൻ ഓടിയടുക്കുന്നു,
ചുവരുകളില്ലാത്ത ലോകത്ത് നിന്നെ കണ്ടുക്കൊണ്ടിരിക്കാൻ.
മരണമില്ലാത്ത നിന്റെ ലോകത്തിൽ എന്റെ നിഴലു കണ്ട് തെല്ലു ഭയക്കേണ്ടതില്ല നീ..
കാരണം, ഞാനെന്നത് ഇപ്പോൾ ശ്വസിക്കാൻ മാത്രമറിയുന്ന ഒരു ബൊമ്മയാണ്.
നീ എനിക്കു കരയാൻ പറഞ്ഞു തരിക.
ചിരിക്കാൻ പറഞ്ഞു തരിക.
അവസാന ചുമതലയും ഇന്ന് ഞാൻ തീർത്തിരിക്കുന്നു.
ഈ രാവു പുലരുമ്പോൾ
ഞാൻ നിന്നോടൊപ്പമാകട്ടെ..
Inspired from gloomy sunday.
Not connected : |