പാഥേയം - തത്ത്വചിന്തകവിതകള്‍

പാഥേയം 

ഓരോ ദിവസവുമസ്തമിക്കുമ്പോഴീ
ആയുസ്സൊന്നൊന്നായ് കുറയുന്നതൊന്നുമേ
ഓർക്കാതെ കർത്തവ്യമുണ്ടൊരുപാടവ
നാളേക്ക് നാളേക്ക് മാറ്റിവയ്ക്കുന്നൂ !!

നാളെപ്പുലർച്ചയ്ക്കുണരുവാൻ നമ്മളീ
ദേഹത്തിലുണ്ടാവുമെന്നാർക്കു നിശ്ചയം?
എങ്കിലും നമ്മൾ പ്രതീക്ഷതൻ തേരേറി
നാളേക്ക് നാളേക്ക് യാത്രയാകുന്നൂ ..!!

ഇന്നിനെ പാഥേയമാക്കി നാം പാന്ഥരായ്
വെമ്പിക്കുതിക്കുന്നിതുരഗങ്ങളെപ്പോലെ
പിന്നിട്ടപാതയിൽ കാൽപ്പാടുപോലുമി-
ല്ലെങ്കിലുമെന്തോ പ്രതീക്ഷിക്കയാണു നാം

വ്യർത്ഥപ്രതീക്ഷകളസ്തമിക്കുമ്പൊഴീ
യാത്രയ്ക്ക് മുന്നോട്ടു പാതയുണ്ടാവുമോ ?
പിന്നിട്ടവീഥികൾ നഷ്ടമോഹങ്ങൾ തൻ
നീറും ശ്മശാനങ്ങളായ് പുകയുന്നുവോ?

പൊയ്‌പ്പോയ കാലം തിരിച്ചുകിട്ടില്ലെന്നും
പാഴ്ക്കിനാവൊക്കെയും പൊയ്‌കളാണെന്നും
വേറിട്ടറിയും മുഹൂർത്തത്തിൽ മുന്നിൽ
വായുംപിളർന്നു മരണമുണ്ടാകുമോ?


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:12-03-2020 03:15:48 PM
Added by :C K Sudarsana Kumar
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :