ആത്മഗതം.. - മലയാളകവിതകള്‍

ആത്മഗതം.. 

വടക്കായിരുന്നെങ്കിൽ പൊളിച്ചേനെ, കഷ്ടം..
വാളയാർ ഒന്നാം നമ്പർ കേരളത്തിലുമല്ലേ?
സംസ്‌കാരപ്രബുദ്ധർ തൻ നാട്ടിലുമിമ്മാതിരി
സംസ്കാരഹീനർ ഉണ്ടെന്നാരേലും അറിഞ്ഞാലോ?
മലയാണ്മക്കതു മോശം; നാലുപേരറിഞ്ഞെന്നാൽ
മലയാളിക്കിനി നിന്ന് ഞെളിയാൻ കഴിയുമോ?
കശ്മീരിൽ, ബീഹാറിലും മറ്റേതു സംസ്ഥാനത്തും
കശ്മലത്വത്തെ ഞങ്ങൾ നേരിട്ടതറിയില്ലേ?

പുരസ്‌കാരങ്ങൾ ഞങ്ങൾ തിരിച്ചു കൊടുത്തതും
പ്രതിക്ഷേധത്തിൻ കൊടുംകാറ്റ് കെട്ടഴിച്ചതും
പ്രധാനമന്ത്രിക്കായി കത്തയച്ചതും, നാട്ടിൽ
പ്രമുഖർ പരസ്യമായ് പ്രസംഗിച്ചതുമെല്ലാം
മറന്നോ നിങ്ങൾ? പ്രതികരണത്തീനാളങ്ങൾ
മരിച്ചിട്ടില്ല, കനൽത്തരിയായിരിപ്പുണ്ട്.
കാത്തിരിക്കുകയാണ് കാകദൃഷ്ടിയോടെന്നും
ഫാസിസ്റ്റു സംസ്ഥാനത്തിൽ സംഭവങ്ങളെ കാണാൻ

വാളയാർ കൂരയ്ക്കുള്ളിൽ ക്രൂരമായ് കൊല്ലപ്പെട്ട
പിഞ്ചു ബാല്യങ്ങളെയോർക്കേ സന്താപം ഞങ്ങൾക്കുണ്ട്.
ആൾക്കൂട്ടക്കൊലകളിൽ ദീനമായ് കൊല്ലപ്പെട്ടോർ..
അവരെ കൊലചെയ്ത കശ്‌മലന്മ്മാരെല്ലാരും
ഭരണ പ്രഭുത്വത്തിൻ പിണിയാളുകളെന്നാൽ..
എന്ത്ചെയ്യുവാനാകും ഞങ്ങൾക്കും ജീവിക്കേണ്ടേ?
എന്തുചെയ്താലും വേണ്ട; ജീവിച്ചേമതിയാകൂ
കണ്ണുണ്ടെങ്കിലേ നാളെ കാഴ്ചകൾ കാണാനാവൂ
കയ്യുണ്ടെങ്കിലേ നാളെ കവിതയെഴുതാനാവൂ

വെറുതെ ശവം കുത്തിനോവിക്കാതിരുന്നൂടെ?
വാ തുറന്നെന്നാൽ പിന്നെ തല ഉണ്ടാവില്ലല്ലോ
വടക്കായിരുന്നെങ്കിൽ പൊളിച്ചേനെ, കഷ്ടം..
വാളയാർ ഒന്നാം നമ്പർ കേരളത്തിലുമല്ലേ?
സംസ്‌കാരപ്രബുദ്ധർ തൻ നാട്ടിലുമിമ്മാതിരി
സംസ്കാരഹീനർ ഉണ്ടെന്നാരേലും അറിഞ്ഞാലോ?
അതുകൊണ്ടല്ലേ ഞങ്ങൾ വായ്മൂടിയിരിപ്പതും
അത് നിങ്ങൾക്കെന്തേ മനസ്സിലാവാത്തതും?


up
0
dowm

രചിച്ചത്:സുദര്ശനകുമാർ വടശേരിക്കര
തീയതി:22-03-2020 02:35:09 PM
Added by :C K Sudarsana Kumar
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :