മാമ്പഴക്കാലം  - തത്ത്വചിന്തകവിതകള്‍

മാമ്പഴക്കാലം  

ഓര്‍മയില്‍ നിറയുന്ന മാങ്ങാമണമാണ്
വേനലവധികള്‍ എന്നും
ഓര്‍ത്താലേ വായില്‍ കപ്പലോടും

കല്ലുപ്പും മുളകും കൂട്ടിത്തിന്ന
കണ്ണിമാങ്ങ പോലെ
അണപ്പല്ലില്‍ പുളിപ്പിന്റെ ലഹരി പടര്‍ത്തും

കന്നത്തിലൂടൊലിച്ചിറങ്ങുന്ന
വെയില്‍ച്ചാറു പോലെ
ഉമിനീരില്‍ മുത്തത്തിന്‍ മധുരം തൂകും

ചിറിയില്‍ നീറുന്ന
മാങ്ങാചുണ പോലെ
കരളാകെ പൊള്ളി നോവിക്കും

മണ്‍ഭരണിയിലെ
ഉപ്പിലിട്ട മാങ്ങ പോലെ
മനസ്സില്‍ വെറുങ്ങലിപ്പിന്‍ വടു വീഴ്ത്തും

കാന്താരി മുളകരച്ച
മാങ്ങാചമ്മന്തി പോലെ
സുഖമുള്ള നോവിനാല്‍ കണ്ണു നിറക്കും

വാടികൊഴിഞ്ഞു പോയിട്ടും
മനസ്സിലെന്നും വാടാതെ നില്ക്കുന്നീ
വേനലോര്‍മകള്‍


up
0
dowm

രചിച്ചത്:മഹേഷ്‌ കല്ലായിൽ
തീയതി:09-06-2014 01:57:10 PM
Added by :mahesh kallayil
വീക്ഷണം:753
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :