ചില നെടുവീര്‍‌പ്പുകള്‍...  - തത്ത്വചിന്തകവിതകള്‍

ചില നെടുവീര്‍‌പ്പുകള്‍...  

രാവിന്‍ ചുന പൊട്ടി
രതിപ്പുക പൂത്ത്
മാറില്‍ മദം ചോര്‍ന്ന
മഞ്ഞച്ച രാത്രികളില്‍
വാട്ടക്കൂമ്പാളയില്‍ നിന്ന്
പൂങ്കുലയെന്ന പോല്‍
നീയെന്നെ പറിച്ചെടുത്തു.

ഇലച്ചിന്തകളില്‍ പുഴുക്കുത്തിന്റെ
പുകയിലക്കഷായമൊഴിച്ചും
ആശാമൊട്ടുകളില്‍ ‍പ്രണയ സ്വാര്‍ത്ഥതയുടെ
ഉറയിട്ടു പൊതിഞ്ഞും
നാലാം‌വേദത്തിന്റെ
മഹാളിക്കുത്തില്‍ നിന്ന്‌
നീയെന്നെ കാത്തു പോന്നു.

നിലാവിന്‍ പൊള്ളലേല്‍ക്കുന്ന
നിശാഗന്ധിക്കാവുകളില്‍
‍ഞാനെപ്പൊഴോ നിന്നെയും,
മോഹക്കല്ലുകളില്‍ മുടിയഴിച്ചാര്‍ക്കുന്ന
തെയ്യക്കോലമായ് നീയെന്നെയും
തിരഞ്ഞ ദൗര്‍ബ്ബല്ല്യങ്ങളില്‍...
ക്ഷീര പഥത്തിലെ
ആര്‍ത്തി ഗോള പ്രഭവകേന്ദ്രങ്ങളില്‍
‍ചന്നിനായകം തേച്ച് നീയും
കയ്പ്പ് അറിഞ്ഞ കടല്‍‌ മല്‍‌സ്യത്തെ
ശുദ്ധജലത്തില്‍ മുക്കിക്കൊന്
ഞാനും, മുണ്ട് മുറുക്കി.

മുരുക്കില്‍ പുഴു വന്നൊരു മലയാള
മുഹൂര്‍‌ത്തത്തില്‍ ഒരു പുഞ്ചയ്ക്ക്
വെള്ളം തേവാന്‍ ഞാനും
കരിങ്കല്‍‌മടയില്‍ ഒറ്റമല്‍‌സ്യമായ്
പിടയുവാന്‍ നീയും
കരാറെടുത്തു പിരിഞ്ഞു....

ഒടുവില്‍ ഉഴിഞ്ഞു വാങ്ങി,
തേരേറ്റപ്പെട്ട്,കളമെഴുതി,
പൂവും നീരുമിട്ട്,
വഴി കൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട
ഒരു ബാധ,
കുടിയിറക്കപ്പെട്ട ബാലദേഹമോറ്ക്കുമ്പോലെ
ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍‌ത്ത് നെടുവീര്‍‌പ്പിടുന്നു.


up
0
dowm

രചിച്ചത്:Ranjith chemmad
തീയതി:24-12-2010 05:02:42 PM
Added by :gj
വീക്ഷണം:187
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :