മോക്ഷം - തത്ത്വചിന്തകവിതകള്‍

മോക്ഷം 


മോക്ഷം
--------------
ഒരു ശാപമോക്ഷത്തിന്‍ ശാന്തിക്കുവേണ്ടിയെന്‍-
നാടു ചോദിക്കുന്നു ഇനിയെത്ര നാളുകള്‍?

നാടു തുടിക്കുന്നു കാട് തുടിക്കുന്നു മണ്ണിൻ
ഞരമ്പുകളെല്ലാം പിടക്കുന്നു

കാടുകള്‍ മേടുകൾ ചുറ്റിക്കറങ്ങുന്ന
കാറ്റിന്റെ കയ്യിലും ചോരചുവപ്പുകള്‍

നാട്ടിൻപുറങ്ങളിൽ വർഗ്ഗവിദ്വഷത്തിൻ -
തീയസര്‍പ്പങ്ങള്‍ വിഷജ്വാലച്ചീറ്റുന്നു

ഇനിയെത്ര നാളുകള്‍ക്കാത്തിരിക്കേണ്ടു
നാംനമ്മെയറിയുന്ന നാളുപുലരുവാന്‍

ഒരു ചെറുമഴുവാലെയാഴിപിളർന്നൊരാ -
ഭാർഗ്ഗവരാമാ വരിക വേഗം

ഹിംസ തൻ മഴുകൊണ്ടരിഞ്ഞു മാറ്റീടുക -
കാതലില്ലാത്തതാം വന്മരങ്ങൾ

പണ്ടങ്ങള്‍ പടലങ്ങള്‍ ചിതറിക്കിടക്കുന്ന
പോരാങ്കണത്തിലെ പുല്‍നാമ്പുകള്‍

ഒരു കുളിര്‍ക്കാറ്റിനുമന്യമായ് തീര്‍ന്നൊരു-
പോരാട്ടഭൂവിലെ പുല്‍ക്കൊടി ഞാന്‍

ഇനിയെത്രനാളുകള്‍ കാത്തിരിക്കേണമീ-
പാപശിലയൊരു രാമപാദത്തിനായ്

പച്ചമാംസത്തിന്‍ മണമുള്ള വീഥികള്‍-
പതറിത്തരിച്ചു വിറച്ചു നില്‍പ്പൂ

താതന്‍ സുതന്റെ ശിരസ്സറക്കുന്നതും -
അമ്മതന്‍ കണ്ഠം ഞെരിക്കുന്ന പുത്രനും

തെരുവിലൊരു ജീവൻ പിടക്കുന്നതും -
വയറിലൊരു ഭ്രൂണമലരിവിളിപ്പതും

കടുംച്ചോര ചീറ്റിയ നാടിന്റെനെഞ്ചത്ത്‌-
രക്തദാഹി കഴുകര്‍ പറന്നിറങ്ങുന്നതും

വീട്ടിലെ മാവിന്റെ കൊമ്പിലായ് ജീവിതം-
പലിശ തന്‍ പാശത്തിലൂഞ്ഞലാടുന്നതും

കണ്ടുമടുത്തൊരെൻ കണ്ണുമരവിപ്പൂ , ഇഹ -
ലോകജീവിതമെത്രമേല്‍ വ്യര്‍ത്ഥമാം

ഇനിയെത്രനാളുകള്‍ കാത്തിരിക്കേണമീ-
ശാപമൊഴിഞ്ഞൊരു നാളുപുലരുവാന്‍

തോക്കിൻകുഴലിൽ കരിയുന്നു ജീവിതം -
മാംസപ്പിണ്ഡങ്ങൾ ചിതറിത്തെരിക്കുന്നു

കാനയിൽ ശർദ്ദിച്ചുറങ്ങി കിടക്കുന്നു -
ചേതനയറ്റതാം യൗവനങ്ങൽ

നാടിന്റെ നാക്കിലെയർബുദമെന്ന പോൽ -
നാറ്റംവമിക്കും ഭരണകൂടം

നാടിനും നാട്ടാർക്കും നന്മചെയ്യേണ്ടവർ -
തിന്മതൻ മുൾച്ചെടി നട്ടു നനക്കുന്നു

ഇനിയെത്രനാളുകൾ കാത്തിരിക്കേണ്ടു -
ഞാനെല്ലാം മറന്നൊന്നു പുഞ്ചിരിച്ചീടുവാൻ

നന്മ തൻ സന്ദേശമോതിയിട്ടെത്രയോ -
ദൂതൻമാരിവിടെ പറന്നു വന്നു

പറന്നു വന്നവർ പിടഞ്ഞു മരിച്ചപ്പോൾ -
കുരിശ്ശിലേറ്റി തറച്ചു നാം നന്മയെ

കുരിശ്ശിൽ പിടക്കുന്ന സത്യത്തെ കണ്ടിട്ട് -
കാർക്കിച്ചുത്തുപ്പി കടന്നുപോയീ ജനം

മുൾമുടിചൂടിച്ചു നേരിന്റെ ദൂതരെ -
ചെകിടത്തടിച്ചു പരിഹസിച്ചു ജനം

തോറ്റിട്ടും തോൽക്കാത്ത മണ്ണിന്റെ മക്കളെ
തോക്കിനും ബോംബിനും തിന്നാൻ കൊടുത്തു നാം

കണ്ണേ കരളേ കരയാതിരിക്കു നീ -
കദനങ്ങളൊക്കെയും ശീലമാക്കീടുക

ജീവിതമൂശയിൽ വാർത്തെടുക്കാമൊരു -
കദനവും കണ്ണീരും താങ്ങുന്ന ഹൃത്തിനെ

പ്രതീക്ഷ തൻ തോണിയിൽ യാത്ര തുടരുക -
ഈ പാപതീരത്തു പ്രളയമാണിപ്പോഴും

ഒരു ശാപമോക്ഷത്തിൻ ശംഖൊലിക്കായി നീ -
കാതോർത്തു കാതോർത്തു കാത്തിരിക്ക

------------------രാധിക ----------------------------


up
0
dowm

രചിച്ചത്:Radhika
തീയതി:25-02-2015 01:04:56 PM
Added by :Radhika
വീക്ഷണം:128
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :