പാത്രങ്ങളുടെ പാട്ട് - തത്ത്വചിന്തകവിതകള്‍

പാത്രങ്ങളുടെ പാട്ട് 

ചെട്ട്യാര് വന്നാപ്പിന്നെ
പാത്രങ്ങളുടെ പാട്ടാണ്

കൊട്ടിലിനു പിന്നിലെ
പുളിമരച്ചോട്ടില്‍
കനലെരിഞ്ഞ്
പാത്രങ്ങളൊക്കെ
ഞണുക്കം മാറി
പൊട്ടലുമോട്ടയുമടഞ്ഞ്
പാടാന്‍ തുടങ്ങും

അട്ടത്തെയരണ്ട നിശ്ശബ്ദത
മാറാല പടര്‍ത്തിയ നാളുകള്‍ മറന്ന്
അരിതിളയ്ക്കുന്ന പാട്ട്
വയലിനക്കരെ
തെങ്ങുവരമ്പില്‍ നിന്നാലും
കേള്‍ക്കാം

കത്തുന്നത് കനലാക്കുന്ന
കാറ്റുയന്ത്രത്തെ
ചലിപ്പിക്കുമയാളുടെ
വിരലുകളെ
പാത്രങ്ങളോട്
തിരിഞ്ഞും മറിഞ്ഞുമിരിക്കെന്ന
പറച്ചിലുകളെ
പാട്ടുകള്‍ക്കിടയില്‍ നിന്നു
വിസ്മയിച്ചിട്ടുണ്ട്

പാട്ടുകൂടുകള്‍ തേടി
കിളികളാര്‍ക്കുമ്പോള്‍
ഞണുക്കമൊരിക്കലും മാറാത്തൊരോട്ടക്കലം
തലയില്‍ കമഴ്ത്തി
കാറ്റിനെതിരെ
കൈ വീശി വീശിയൊരു പോക്കുണ്ട്

അതു നോക്കി നില്‍ക്കുമൊരു
കുട്ടി
ഇപ്പോഴുമാ വരമ്പത്തുണ്ട്.

(പുതുകവിത ഓണപ്പതിപ്പ്)


up
0
dowm

രചിച്ചത്:പി എ അനിഷ് സമയം
തീയതി:24-12-2010 05:53:19 PM
Added by :Sithuraj
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :