ഇന്നു വൈകുന്നേരത്തെ മഴയില്‍       
    ഇന്നു വൈകുന്നരം പെയ്ത
 മഴയില്‍
 കൊമ്പൊടിഞ്ഞു വീണ
 മാവില്‍ നിന്നു
 ചിതറിയ മാങ്ങകള്‍
 പെറുക്കുകയാണമ്മ
 
 ആകെയുള്ളൊരു മൂവാണ്ടന്റെ
 ആകെയുള്ളൊരു കൊമ്പായിരുന്നു
 എന്നിടയ്ക്കിടയ്ക്ക്
 മഴയോടെന്നപോലെ
 മങ്ങിമങ്ങിപ്പോകുന്ന
 മിന്നലുകളോടെന്ന പോലെ
 കൂട്ടത്തില്‍പ്പെട്ട കാറ്റുകളോടെന്ന പോലെ
 പറയുന്നുണ്ടമ്മ
 
 പെറുക്കിവച്ച മാങ്ങകള്‍
 അച്ചാറോ
 മീന്‍കറിയിലെ പുളിപ്പോ
 ചമ്മന്തിയിലെ രുചിപ്പോ
 ആവുന്നതിനെക്കുറിച്ചു
 പേടിച്ചു പേടിച്ചു കരയുമ്പോളതാ
 മാങ്ങകളൊക്കെയുമാകാശത്തു
 പഴുപ്പിയ്ക്കാന്‍ വയ്ക്കാമെന്നു പറഞ്ഞ്
 മിന്നലിന്റെ വേരുകളില്‍ത്തൂങ്ങി
 പറക്കുകയാണമ്മ
 
 പാകമാകാതെ
 പഴുത്തു വീണ
 മാമ്പഴത്തിന്റെ മണമായിരിക്കും
 ഇന്നു രാത്രി മുഴുവന്‍ !
 
      
       
            
      
  Not connected :    |