കടപ്പാട്
നൊമ്പരമെന്നതിനര്‍ത്ഥമെഴുതുവാന്‍
മെല്ലവേയെന്നോടു ചൊന്നതിനും..
വന്‍ വിരഹാഗ്നിയാം നിന്‍റെവിരലിനാല്‍
എന്നെ പൊതിഞ്ഞുയിര്‍ ചുട്ടതിനും.
നോവിന്‍റെ മന്ത്രങ്ങള്‍ മാത്രമെറിയുമെന്‍
നാവിനെ ശൂലത്തറയില്‍ കൊരുത്തതിനും .. ..
നിദ്രതന്‍ ഹൃത്തു മുറിച്ചു വാങ്ങിയതില്‍-
നിന്‍ കനല്‍ ഛായ പകര്‍ന്നതിനും..
ഞാനെരിഞ്ഞില്ലാതെയായ ദിനങ്ങളില്‍
മൂര്‍ധാവിലെന്നെയണിഞ്ഞതിനും..
നീളവേ പായും നിമിഷങ്ങളില്‍
ഹൃസ്വതാളമായ് മാറി നിറഞ്ഞതിനും.
നിന്‍ നേത്ര മൈലാഞ്ചി തന്ന നിലാവിനെ
കയ്യ്‌കളാല്‍ കോരാന്‍ കൊതിച്ചതിനും ..
ആര്ദ്രതയൂറുന്നമഞ്ഞിന്‍ കണികയായ്
നിന്നില്‍ പടര്‍ന്നു നനച്ചതിനും ...
കാത്തിരിപ്പിന്‍നിറം മങ്ങിയ പീലിയാല്‍
നിന്നെയെതിരേല്‍ക്കാന്‍ തുനിഞ്ഞതിനും .
Not connected : |