ഓണവര്‍ണ്ണങ്ങള്‍ - മലയാളകവിതകള്‍

ഓണവര്‍ണ്ണങ്ങള്‍ 


പേലവഗര്‍ജ്ജിതം പോലുമില്ലംബരം
താലം പിടിച്ചെതിരേല്‍ക്കയാണാദരം
ചിങ്ങവും നില്‍പ്പിതാ മൃദുഹാസപേശലം
വാഴ്ത്തുന്നു ചിലരിതില്‍ പാരിന്റെകൗശലം.
ചിത്രവര്‍ണ്ണാംഗ മരീചിയാല്‍ മന്നിടം
ബാഷ്പോദകബിന്ദു നീക്കുന്നു പിന്നെയും
ഇവിടേയ്ക്കുമാത്രമായ് ദൃഷ്ടിപായിക്കുന്നു
ഹൃഷ്ടയാമെന്നിഷ്ടഗ്രാമമേ, സകലരും.
ആനന്ദഭരിതമായ്‌ത്തീരുകില്‍ പാരിനും
നൈശാന്തരം പോലുമിന്നൊരു വാസരം
തുമ്പകളന്‍പാലെ-യപരര്‍ക്കുണര്‍വ്വുമാ-
യങ്കണംതന്നില്‍ നിരന്നുവത്യാദരം.
പാതി തൂമലരുമിറുത്തുഞാ,നൊരുവിധം;
കാതമകലെയായ് കാണ്മുപൊന്നമ്പലം
മന്ദസമീരനാല്‍ പുലരിയെയീദിനം
മാടിവിളിക്കുന്നു-ഗ്രാമവൃന്ദാവനം.
നാട്ടിളം കിളികള്‍തന്‍ കളനിസ്വനങ്ങളാല്‍
മുകുളങ്ങള്‍തോറും മരന്ദംനിറയുന്നു
മാലതി, മന്ദാര, ചെന്താമരപോലു-
മാനന്ദബാഷ്പാക്ഷികളായിമാറുന്നു
ഓണ ഹര്‍ഷോല്ലാസമറിയാത്ത ജീവിതം
പാരിലിന്നുണ്ടാവതില്ലെന്നു നിര്‍ണ്ണയം
ശുഭ്രാംബരധാരിയാം സൗമ്യകേരളം
സുസ്മേര, ഭാസുരയായിതായീവിധം.
ഇന്നുവൃന്ദാരണ്യമാകെയെന്‍ ചിന്തയെ
സിന്ധുപോല്‍കൊണ്ടുപോയീടുന്ന ചിങ്ങമേ,
കണ്ടതില്ലെങ്ങുമഴല്‍മൊട്ടൊരെണ്ണവും
പണ്ടിതല്ലായിരുന്നല്ലോ നിജസ്ഥിതി.

-2-
ആത്മനാഥേ, പ്രിയഗ്രാമീണഭംഗിയാല്‍
തങ്ങുന്നു കാരുണ്യമാവോളമെങ്കിലും
തുംഗമാം വാനിലായിന്നുനീ കാണുമാ,
വെണ്‍മേഘസാമ്യമാകാത്തതെന്താനനം?
ഈ മഞ്ജുലക്ഷണശ്രീ മറയാതെയെന്‍
സോദരര്‍ക്കാമോദമേകട്ടെ തല്‍ക്ഷണം
താവക താരുണ്യശ്രീ നിത്യതോഴിയായ്-
ത്തുടരേണമെങ്കില്‍ക്കഴിയേണ്ടതീവിധം.

-3-
ബലിവേദിയായിമാറീടുന്ന പത്തന
മുത്തമമല്ലെന്നുണര്‍ത്തുന്നു ജീവിതം
അശ്രുതോയം നീ,യറിയേണ്ടതില്ലിതെന്‍
വിശ്രുത ഗ്രാമത്തില്‍മാത്രം വസിക്കുകില്‍
അചലഹൃദയങ്ങളില്ലിവിടെയെങ്ങുമേ-
യന്‍പിന്റെ സജലനയനങ്ങളുളളവര്‍
കോള്‍മയിര്‍ക്കൊളളുന്നവണ്ണമീ വര്‍ണ്ണങ്ങ-
ളെങ്ങും നിറഞ്ഞതാണെന്‍ രമ്യഗ്രാമവും
ഉത്തമാംഗംഞാനുയര്‍ത്തിയിന്നീ ശോഭ;
ദുഗ്ദ്ധംകണക്കേ നുകരുന്നവേളയില്‍
നമ്രശിരസ്കയാകാ,തെന്റെ നൈര്‍മ്മല്ല്യ-
മാതൃഭൂചരണങ്ങളെത്തൊട്ടു വന്ദിയ്ക്ക!
അക്ഷയമാകട്ടെയീ,മഹസ്സെന്നുഞാ-
നര്‍ത്ഥിച്ചുനില്‍ക്കേ, മറഞ്ഞു തമസ്സുമേ!
ഹാ! ധന്യമാകട്ടെയീ തിരുവോണവും:
പാരമ്യമൊന്നില്‍ത്തുടരട്ടെ മോദവും.


up
0
dowm

രചിച്ചത്:അന്‍വര്‍ ഷാ ഉമയനല്ലൂര്‍
തീയതി:05-08-2015 01:27:44 PM
Added by :Anwar Shah Umayanalloor (അന്‍വര്‍
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :