അവൾ  - ഇതരഎഴുത്തുകള്‍

അവൾ  

ഒരു വെളളിയാഴ്ച ദിവസം പതിവുപോലെ കുളിച്ചൊരുങ്ങി (വെളളിയാഴ്ച ആണല്ലോ പുതിയ സിനിമ റിലീസാവുന്നത്).തീയറ്ററിലോട്ടുളള ബസ് പിടിക്കാനായി സ്റ്റോപ്പിലേക്ക് വേഗത്തില്‍ നടന്നു.പതിവുപോലെതന്നെ ബസ് കിട്ടാനായി കുറേ നേരം കാത്തുനില്‍ക്കേണ്ടി വന്നു. (സിനിമക്കു പോവാന്‍ ഇറങ്ങിയാല്‍ എപ്പോഴും ഇങ്ങനെയാണ്).വന്ന ബസ്സില്‍ ഓടിക്കയറി ബസ്സിന്‍റെ മധ്യഭാഗത്തായി സ്ഥലം പിടിച്ചു.തീയറ്ററില്‍ സിനിമ തുടങ്ങുന്ന ടൈമില്‍ എത്താന്‍ പറ്റുമോ എന്നുളള ചിന്ത ആയതുകൊണ്ടുതന്നെ വാച്ചിലെ സമയം പോവുന്ന സ്പീഡു പോലും ആ ബസ്സിനു ഉണ്ടോ എന്നു അപ്പോള്‍ എനിക്കു സംശയം ആയിരുന്നു.ഞാന്‍ ഇരിക്കുന്നതിനു എതിര്‍വശത്തായി എകദേശം 3വയസ്സുളള കുട്ടിയും അതിന്‍റെ അമ്മയും ഇരിക്കുന്നുണ്ടായിരുന്നു. മനസില്‍ മുഴുവന്‍ തീയറ്ററും സിനിമയും ആയിരുന്നതുകൊണ്ട് ബസ്സിലെ കാഴ്ചകള്‍ക്കു ഒന്നിനും അധികം ശ്രദ്ധ കൊടുത്തില്ല, പക്ഷെ എതിര്‍വശത്തെ സീറ്റില്‍ അമ്മയോടൊപ്പം ഇരുന്ന ചെറിയ കുട്ടി വരികള്‍ തപ്പിപിറക്കി നിര്‍ത്തി നിര്‍ത്തി പാടിയ പാട്ട്... പെട്ടെന്ന് എന്‍റെ ശ്രദ്ധ ആ കുട്ടിയിലേക്കു തിരിച്ചു. ആ പാട്ടുകള്‍ സ്കൂളില്‍ എല്ലാവരുടെയും ഇഷ്ട പാട്ടുകാരിയുടെ പാട്ട്. പാട്ട് പാടിയ കുട്ടിയെയും അതിന്‍റെ അമ്മയെയും ഒരിക്കല്‍ കൂടി ഒന്നുനോക്കി.ആ അമ്മ... അതു അവള്‍ തന്നെ, സ്കൂളിലെ എല്ലാവരുടെയും ഇഷ്ട പാട്ടുകാരി.ഉണ്ടക്കണ്ണുളള ചുരുണ്ട മുടിയുളള, സ്കൂളിലെ ഭൂരിഭാഗം ആണ്‍കുട്ടികളും േപ്രമത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന അതേ കുട്ടി.പെട്ടെന്നാണ് അവള്‍ എന്നെ കണ്ടത്.കുറേ നാളുകള്‍ക്കുശേഷം കാണുന്നതുകൊണ്ടുളള ആശ്ചര്യത്തോടെ ഉളള ചിരി ഒരു നിമിഷം ആ മുഖത്തു പഴയ സ്കൂള്‍ കുട്ടിയെ കാട്ടിതന്നു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ ഭര്‍ത്താവ് ഹോസ്പിറ്റലിലാ അങ്ങോട്ടു പോവുന്നതാണെന്നും പറഞ്ഞു. ബസ്സില്‍ നിന്നുമിറങ്ങി യാത്ര പറഞ്ഞ അവള്‍ കുട്ടിയോടൊപ്പം നടന്നുനീങ്ങിയപ്പോള്‍ എപ്പോഴും സന്തോഷത്തോടെ കണ്ടിരുന്ന ആ പഴയ കൂട്ടുകാരിയെ അവളില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല. ചുരുണ്ട മുടിയില്‍ പേപ്പര്‍ ചുരുട്ടി എറിഞ്ഞു കളിക്കുമ്പോള്‍ ദേഷ്യപ്പെട്ടിരുന്ന, പുതിയതായി പഠിച്ചിരുന്ന പാട്ടുകള്‍ പാടി കേള്‍പ്പിച്ചിരുന്ന ആ പഴയ കൂട്ടുകാരി ഇപ്പോള്‍ ഇല്ല. സ്കൂള്‍ ജീവിതം കഴിഞ്ഞിട്ടു അധിക വര്‍ഷം ആയില്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് അവള്‍ ഒരുപാടു മാറിപ്പോയിരിക്കുന്നു. എന്തു ജോലി ചെയ്യാനാണ് ഇഷ്ടം എന്നു ടീച്ചര്‍ ചോദിച്ചപ്പോള്‍ പോലീസ് ആവാന്‍ ആണ് ഇഷ്ടം എന്നു പറഞ്ഞിരുന്ന അവളുടെ ആത്മവിശ്വാസം എവിടയോ എപ്പോഴോ നഷ്ടപ്പെട്ടിരിക്കുന്നു. സിനിമ കണ്ടിറങ്ങിയിട്ടും അവളെ കുറിച്ചുളള ഓര്‍മ്മകള്‍ മനസില്‍ മായാതെ നില്‍ക്കുന്നു.


up
0
dowm

രചിച്ചത്:വിഷ്ണു പ്രദീപ്‌
തീയതി:12-05-2016 11:17:13 AM
Added by :vishnu kp
വീക്ഷണം:172
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :