എച്ച് എസ് എ - ഇതരഎഴുത്തുകള്‍

എച്ച് എസ് എ 

പതിനൊന്നു മണിയോടടുപ്പിച്ചാണ് കറന്റ് പോയത് . പാഠപുസ്തക ശില്പശാലയിലെ പകലത്തെ കഠിനാധ്വാനം കഴിഞ്ഞു, എപ്പോഴും എച്ച് എസ് എ എന്ന് അഹങ്കരിച്ചിരുന്ന യഹിയമാഷ് കിടന്നതെ ഉള്ളു. ചുടുകൊണ്ട് വേവുകയാണ് മുറി. മാഷ് ഇലക്ട്രിസിറ്റി വകുപ്പിനെയും മന്ത്രിയെയും ചീത്ത പറഞ്ഞു കൊണ്ട് ഒരു വിധം മുറിക്ക് വെളിയില് എത്തി. അപ്പോഴേക്കും എല്ലാ പാഠപുസ്തക രചയിതാക്കളും ഉഷ്ണം സഹിക്കാതെ പുറത്തെത്തിയിരുന്നു. മറ്റുള്ളവരോട് അലക്കിയിട്ടും ആത്മരോഷം തീരാത്ത മാഷ് ഇലക്ട്രിസിറ്റി ഓഫീസ് എവിടെ എന്ന് ചോദിച്ച് ഉറപ്പുവരുത്തി. നേരെ അങ്ങോട്ട് വെച്ച് പിടിച്ചു.

അപ്പീസില് മെഴുതിരി വെട്ടത്തില് മൂന്നു ലൈന്മാന്മാര് ശീട്ട് കളിക്കുകയാണ്. നട്ടപ്പാതിരക്കു തികഞ്ഞ ഗൌരവത്തില് കടന്നു വരുന്ന മാഷിനെക്കണ്ട് കളിക്കാര് ആദ്യം ഒന്ന് അമ്പരന്നു.
'എന്താടോ കറന്റ് പോകാന് കാരണം?' മാഷുടെ ഘനഗംഭീരമായ ശബ്ദം കേട്ട് വിരണ്ട ലൈന്മാന്മാര് കളി നിര്ത്തി എണീറ്റു.
'സാര് ആരാണാവോ?' ഒരാള് എളിമ യോടെ ചോദിച്ചു.
'ഞാന് ഒരു എച്ച്.എസ്.എ യാണ്.' മാഷ് ഗാംഭീര്യം ഒന്നുകൂടെ കൂട്ടി .
ഞെട്ടിയ ലൈന്മാന് വിനീതനായി പറഞ്ഞു.
'ട്രാന്ഫോമരില് എന്തോ തകരാറ് പറ്റിയതാണ് സാര്.'
'അതെന്താ , തകരാറ് പറ്റിയാല് അത് ശരിയാക്കലില്ലേ? അതിനല്ലേ നിങ്ങളെ ശമ്പളം നല്കി ജോലിക്ക് വെച്ചിരിക്കുന്നത്?'
ഈ എച്ച്. എസ് എ ആര്? എന്ത്? എന്നൊന്നും അറിയാതെ അന്തം വിട്ട ജോലിക്കാര് അകെ പേടിച്ച് നില്പാണ്.
'വണ്ടിയുടെ ഡ്രൈവര് വീട്ടില് പോയിരിക്കയാണ് സാര്. ഇനി നാളെയെ വരൂ.'
'അത് ശരിയാവില്ലല്ലോ. ഉഷ്ണം കൊണ്ട് മനുഷ്യന് ഉറങ്ങാന് കഴിയാതെ കഷ്ടപ്പെടുമ്പോഴാണ് അവന് വീട്ടില് പോയി സുഖിക്കുന്നത്? വിളിക്കെടോ അയാളെ. ഇവിടെയെന്താ ഫോണില്ലേ?'
'ഉണ്ട് സാര് . ഇപ്പൊ വിളിക്കാം.' ജോലിക്കാര് ജാഗരൂകരായി.

ഉടന് തന്നെ തലങ്ങും വിലങ്ങും ഫോണ് പാഞ്ഞു . മിനിട്ടുകള്ക്കുള്ളില് ഡ്രൈവര് റെഡി. ഓവര്സിയര് പറന്നെത്തി. മാരകായുധങ്ങള് എല്ലാം എടുത്തു എല്ലാവരും ചാടി ജീപ്പില് കയറി.
'ഞാനും നിങ്ങളുടെ കൂടെ വരാം. കരന്റില്ലാതെ ഏതായാലും എനിക്ക് ഉറക്കം വരില്ല.' മാഷെ മുമ്പില് തന്നെ ഇരുത്തി വണ്ടി ഇരുട്ടിലൂടെ പാഞ്ഞു.

മൂന്നാമത്തെ ട്രാന്സ്ഫോര്മരിനായിരുന്നു കുഴപ്പം. ടോര്ച്ച് അടിച്ച് രണ്ടു പേര് മുകളില് കയറി. താഴെ നിന്ന് ഓവര്സിയര് നിര്ദേശങ്ങള് കൊടുത്തു. അര മണിക്കൂറിന്റെ പെടാപാടിന് ശേഷം ഫ്യൂസ് ഇട്ടപ്പോള് നാട്ടിലാകെ പ്രകാശം പരന്നു. മാഷും വിസ്തരിച്ച് ഒന്ന് ചിരിച്ചു.

പോകുമ്പോള് മാഷ് ജീപ്പിന്റെ പിന്നിലെ സീറ്റിലാണ് ഇരുന്നത്. അപ്പോഴും ഈ എച്ച്. എസ്. എ. എന്തെന്ന് പിടികിട്ടിയിട്ടില്ലാത്ത പാവങ്ങള് പേടിച്ചാണ് മാഷോട് പെരുമാറിയത്. ഒടുവില് രണ്ടും കല്പിച്ച് ഒരാള് ചോദിയ്ക്കാന് ധൈര്യം കാണിച്ചു.
'സാര്, ഈ എച്ച്. എസ്. എ. എന്ന് വെച്ചാല്?'
'എടൊ .. എച്ച്. എസ്. എ. എന്നാല് ഹൈസ്കൂള് അസിസ്ടന്ട് '
'അങ്ങിനെ പറഞ്ഞാല്...?' അയാള് ഒന്ന് കൂടെ വിക്കി
'ഹൈസ്കൂള് മാഷുടോ ..... മാഷ്...'
ജീവനക്കാര് മുഖത്തോട് മുഖം നോക്കിയതും ആരോ ജീപ്പിന്റെ പിന്നിലെ കവര് ഇട്ടതും ഒരുമിച്ചായിരുന്നു.

പിറ്റേന്ന് കാലത്ത് പാഠപുസ്തക ശില്പശാല നടക്കുന്ന ലയോള കോളെജിന്റെ മുന്നില് ബോധരഹിതനായി കിടക്കുന്ന എച്ച്. എസ്. എ.യെയാണ് മറ്റ് മാഷന്മാര്ക്ക് കാണാന് കഴിഞ്ഞത്.


up
0
dowm

രചിച്ചത്:
തീയതി:12-10-2011 10:27:43 PM
Added by :prakash
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


vtsadanandan
2012-08-14

1) ഇത് കഥയോ ,കവിതയോ ? കണ്‍ഫ്യൂഷനായല്ലോ !


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me