ഞാൻ       
    വല്ലാത്തൊരു ഉറക്കക്ഷീണത്തോടെയാണ് ഞാനിന്ന് എണീറ്റത്. 
 
 നോക്കിയപ്പോൾ സമയം 8.30 കഴിഞ്ഞിരിക്കുന്നു.
 
  ഇനി ഞാനെങ്ങനെ 9മണിക്ക് ഓഫീസിലെത്തും. 
 
 പല്ലുതേപ്പും കുളിയെല്ലാം കഴിഞ്ഞ്, ഡ്രസ്സ്മാറി ഞാൻ പുറത്തേക്കിറങ്ങി വാതിലടച്ചു.
 
  അയ്യോ, തല ചീകാനും കണ്ണാടിനോക്കാനും മറന്നല്ലോ. 
 
 സാധാരണ അരമണിക്കൂറോളം കണ്ണാടിക്കു മുന്നിൽ ചെലവിക്കുന്ന ആളാണ്. 
 
 ഞാൻ പോക്കറ്റിൽ നിന്നും ചീർപ്പെടുത്ത് മുടിചീകികൊണ്ടു നടന്നു. 
 
 ചായ- വേണ്ട ഇനിയും വൈകും. 
 
 ദാമുവേട്ടന്റെ ചായക്കടയും പിന്നിട്ട് ഞാൻ ബസ്സ്റ്റോപ്പിലേക്കോടി. 
 
 ബസ്സിൽ നല്ല തിരക്കായിരുന്നു, 
 
 ഓഫീസിനടുത്ത് ഇറങ്ങിയപ്പോഴാണ് ഓർത്തത് ടിക്കറ്റ് എടുത്തിട്ടില്ല. 
 
 ബസ്സിലെ തിരക്കും നേരം വൈകിയുള്ള എന്റെ യാത്രയും കാരണം ടിക്കറ്റെടുക്കാൻ പോലും മറന്നു. 
 
 റോഡ്മുറിച്ച് കടന്ന് നേരേ നടക്കുമ്പോൾ എതിരെനിന്നും ജോബിൻ ബൈക്കിൽ വരുന്നു. 
 
 വേഗം കുറവായിരുന്നെങ്കിലും, എന്റെ കൈ ഉയർത്തിയുള്ള ‘ഹായ്’-ക്ക് മറുപടി കിട്ടിയില്ല. 
 
 സാധാരണ അവൻ അങ്ങിനെയല്ല, വണ്ടി നിർത്തി സംസാരിക്കേണ്ടതു പോലും ആണ്. 
 
 ഞാൻ ഓഫീസിലേക്കു കയറി എന്റെ ടേബിളിലിരുന്നു, കമ്പ്യൂട്ടർ ഓൺ ചെയ്തു. സുഷമയോടു ചിരിച്ചു, അവൾ മറ്റെന്തോ തിരക്കിലായിരുന്നു. 
 
 കാന്റ്റീനിലെ പയ്യൻ വന്ന് സുഷമയോടും ബിജുവിനോടും ഓർഡറെടുക്കുന്നതിനിടയിൽ ഞാനും വിളിച്ചു പറഞ്ഞു _ ‘എനിക്കൊരു ചായേം പഴംപൊരീം’. 
 
 ലീലചേച്ചി ഇപ്പൊ പഴം മാവിൽ മുക്കി തിളച്ച എണ്ണയിലേക്ക് ഇടുകയായിരിക്കും. ഞാൻ നുണഞ്ഞു. 
 
 10മിനിറ്റ് കഴിഞ്ഞപ്പോൾ പയ്യൻ വന്നു. ബിജു ഓർഡർ കൊടുത്ത പഴംപൊരീം ചായേം കൊടുത്തു, പിന്നെ ഓർഡറനുസരിച്ച് മറ്റെല്ലാവർക്കും. എനിക്കു തന്നില്ല. 
 
 പയ്യനെ ചീത്തപറയാൻ വേണ്ടി ഞാൻ ചാടി എഴുന്നേറ്റു. പയ്യൻ പടികളിറങ്ങി താഴേക്കു പോയി. ഞാൻ ബിജുവിനെ നോക്കി, പഴം പൊരി കടിച്ചു കൊണ്ട് ബിജു സുഷമയോട് ചോദിച്ചു. 
 
 “ഇന്നെന്താ നമ്മുടെ സാറു ലീവാണോ?”. 
 
 “അറിയില്ല, വിളിച്ചു പറഞ്ഞതൂല്ല്യാന്ന് മാനേജർസാറു പറഞ്ഞു”. 
 
 “ഞാനൊന്ന് വിളിച്ചുനോക്കട്ടെ”.
 ബിജു ഫോണെടുത്തു. 
 
 ഞാനാകെ തരിച്ചുപോയി. 
 
 വേഗം ചെന്ന് വാഷ്ബെയ്സിനടുത്തുള്ള കണ്ണാടിയിലേക്കു നോക്കി. 
 
 അതിൽ ഞാനുണ്ടായിരുന്നില്ല.
      
       
            
      
  Not connected :    |