ഒറ്റ്
ഒറ്റുകാര്‍ മടങ്ങുന്നു,
ഓര്‍മ്മപ്പെടുത്തലുകളുടെ
സായന്തനങ്ങളില്‍ നിന്ന്
വിഷം കുടിച്ച തെരുവുകളില്‍ നിന്ന്
രാവിന്‍റെ ചോരയടയാളങ്ങളില്‍ നിന്ന്
കണ്ണീരിന്‍റെ ഉപ്പു വരകളിലൂടെ
ഒറ്റുകാര്‍ മടങ്ങിപ്പോകുന്നു
അന്ധഗായകരുടെ
ഗിറ്റാര്‍ സംഗീതം പോലെ
രാത്രിയില്‍ വെളിച്ചമില്ലാത്ത മഴ
നിലാവിനോടെനിക്ക്
പറയാനുള്ളതെല്ലാം
ഒറ്റിനെക്കുറിച്ചു മാത്രമായിരുന്നു
എന്‍റെ നഗ്നമായ ഹൃദയത്തിനെയും
ഞാന്‍ പ്രണയിച്ച
ഒരു തുണ്ട് വെളിച്ചത്തിനേയും
ഒറ്റിക്കൊടുത്തവര്‍
കിട്ടിയ മുപ്പതു വെള്ളിക്കാശ്
വീതിച്ചു മരിച്ചു വീഴുമ്പോള്‍
തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക്
അന്ധഗായകരുടെ പാട്ട് ഒഴുകി വീഴുന്നു
ഇനിയും വസന്തം വരും
ഋതുക്കള്‍ പൂവിടും
നമ്മുടെ മരങ്ങളില്‍
കിളികള്‍ വീണ്ടും വരും
പച്ചയുടെ പരാഗണങ്ങളിലൂടെ
മഴയുടെ ഭ്രംശരേഖകളിലൂടെ
വസന്തം ആരും കാണാതെ വരും
അന്ന് നിനക്കെന്നെ കണ്ടാലും അറിയില്ല
ഒറ്റിക്കൊടുക്കുവാന്‍ കഴിയാത്ത
അനേക വൃക്ഷങ്ങളിലൊന്നായ്
ഭൂഹൃദയത്തില്‍ ഞാന്‍
വേരുകളാഴ്ത്തി നില്ക്കും
Not connected : |