താനെ പെയ്യുന്ന മഴയിൽ തനിയെ നിന്നു നനയുന്നവളോട് - പ്രണയകവിതകള്‍

താനെ പെയ്യുന്ന മഴയിൽ തനിയെ നിന്നു നനയുന്നവളോട് 

അരികിൽ നീയില്ലയെന്ന ദുഃഖ -
മാകാമീയകധാരിൽ മഴ,
അമർഷം തിക്കി നിറക്കുന്നത്.

മഴത്തുള്ളികൾ ലില്ലിപ്പൂക്കളായി മുളപൊട്ടും.

ഇരുട്ടുക്കുത്തിപ്പെയ്തിറങ്ങുന്നൊരീ-
രാമഴയിൽ കറുത്ത കുടയുമേന്തി
നീ എന്റെ ലില്ലിപ്പൂക്കളെ വന്നു തഴുകുക..
നഗ്നപാദങ്ങളുടെ അടിവെള്ളയിൽ,
ചളി കെട്ടിയ വെള്ളം ഇക്കിളിപ്പെടുത്തുമ്പോൾ,
നീ ഓർക്കുക..
അകാരണങ്ങളാൽ സ്പന്ദനം നിറുത്തിവെച്ചൊരെൻ ഹൃദയത്തെ.

കാറ്റിന്നു നിന്റെ ചുരുണ്ട മുടിക്കുത്തുമഴിക്കവേ
നീ ഓർക്കുക..
ഞാനെടുക്കാതെ ബാക്കിവെച്ചു-
പോയോരെൻ ശ്വാസനിശ്വാസങ്ങളെ.

ഈ മഴയിൽ, ഈ കാറ്റിൽ, ഇനി ഈ ഇരുട്ടിൽ,
എന്നെച്ചൊല്ലി നീ -
നക്ഷത്രങ്ങളെ തിരഞ്ഞ്
മൃദുകൺപോളകൾ നനക്കേണ്ട..
നക്ഷത്രമല്ല ഞാൻ.
മോക്ഷം ലഭിക്കാത്തൊരു പ്രേതം.

ഇനിയും നിനക്ക് മനസ്സിലായില്ലേ?
ഞാനെന്നാൽ തുടർച്ചയായ മരണവും
മഴയെന്നാൽ ഈ ശരീരം വിട്ടൊഴിഞ്ഞു-
പോയോരെൻ പ്രാണന്റെ പ്രേതവുമെന്ന്.
കഴിയുമെങ്കിലാ ലില്ലിച്ചെടിയുടെ-
വേരുകളടർത്തി നോക്കുക.
താഴെ, ആറടി താഴ്ചയിൽ,
കിതച്ചുക്കൊണ്ടിരിക്കുന്നൊരു
ഹൃദയത്തിലെ നീലഞരമ്പുകൾ
കാണാം...

ഇനിയും നിനക്ക് വിശ്വാസമായില്ലേ?
വരുവിൻ,
മച്ചിനുമേലെ, ചോരയൊലിച്ചിറങ്ങി-
ക്കൊണ്ടിരിക്കുന്നൊരാ മേശമേൽ,
എഴുത്തുവിളക്കിനരികെ,
ശരീരമില്ലാതൊരു കൈ
ഇനിയും എഴുതിക്കൊണ്ടിരിപ്പുണ്ട്...
ഇപ്പോഴും എഴുതിക്കൊണ്ടിരിപ്പുണ്ട്...



up
3
dowm

രചിച്ചത്:ഡാനി
തീയതി:29-11-2018 10:47:25 PM
Added by :Supertramp
വീക്ഷണം:642
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :