സ്മരണാഞ്ജലി.
പ്രതിഫലേച്ഛ കൂടാതെ പല നല്ലകാര്യങ്ങളും,
സഹായങ്ങളും അകമഴിഞ്ഞു ചെയ്തയാൾ,
കലയ്ക്കും സാഹിത്യത്തിനും
സംഭാവനകൾ നൽകിയയാൾ,
ശ്രദ്ധയോടെ വിമർശനങ്ങൾ ശ്രവിക്കുകയും,
മുഖം നോക്കാതെ അഭിപ്രായങ്ങൾ പറയുകയും ചെയ്തയാൾ…
നല്ലവാക്കുകൾ അയാളോട് നേരേ പറഞ്ഞിട്ടുണ്ട്.
എങ്കിലും പരസ്യമായി അഭിനന്ദിക്കാനോ പ്രശംസിക്കാനോ,
അതിനൊരവസരം ഒരുക്കാനോ ശ്രമിച്ചില്ല.
ചിലർ സൂചിപ്പിച്ചപ്പോൾ
പിന്നെയാകാം എന്നു പറഞ്ഞൊഴിഞ്ഞു,
അസൂയയുടെ നിഴലാട്ടമുണ്ടായിരുന്നോ, അറിയില്ല.
ഇന്നലെ, കേൾക്കാനും സംസാരിക്കാനുമാവാതെ
തലയും താടിയും ചേർത്തു കെട്ടിയിരുന്ന ആ ശരീരത്തെ
പരസ്യമായി ഏറെ പ്രകീർത്തിച്ചു.
കണ്ണ് തിരുമ്മിയടച്ച്, മൂക്കിൽ പഞ്ഞി വച്ച ആ ശരീരത്തിൽ
നിറവും മണവുമുള്ള ധാരാളം പൂക്കൾ വിതറി.
അവസാനം അഞ്ചരയടി ഉയരമുള്ള ശരീരത്തിന്
ആറടി നീളമുള്ള ഹാരം ചാർത്തി പെട്ടിയടച്ചു.
Not connected : |