എൻെറ പ്രണയിനി  - പ്രണയകവിതകള്‍

എൻെറ പ്രണയിനി  

എന്നെയുപേക്ഷിച്ച നിദ്രയെക്കാത്തു ഞാ-
നെൻപ്രിയപത്നിതൻ ചാരെയിരിക്കവേ
പൗർണ്ണമിരാവിൻ നിലാവിൽ തിളങ്ങുമാ
പ്രിയമെഴും വദനമെന്നരികിലായ്ക്കണ്ടു ഞാൻ!

മധുരമാമേതോ കിനാവിൽ ലയിച്ചവൾ
മധുരമായ് പുഞ്ചിരി തൂകുന്നു നിദ്രയിൽ
ചെറിയൊരു പുഞ്ചിരിയെന്നിലും വന്നുചേർ -
ന്നറിയാതെയോർമ്മതൻ തേരിൽ ഗമിച്ചു ഞാൻ !

ചെമ്പകമൊട്ടുപോൽ കൂമ്പിയ മിഴികളും
ചെഞ്ചുണ്ടിൽ മിന്നിയ പുഞ്ചിരിനാളവും
ചന്തം തികഞ്ഞൊരാ പൂമുഖത്തിങ്കളും
ചിത്തത്തിൻ ഭിത്തിയിലെന്നേ വരച്ചുഞാൻ!!

ആരുകണ്ടാലും കൊതിച്ചുപോമീ മുഖം
ആദ്യമായ് കണ്ടനാളിന്നുമോർക്കുന്നുഞാൻ !!
വർഷങ്ങളെത്രയോ പോയ്മറഞ്ഞെങ്കിലും
ഹർഷാതിരേകം പകർന്നീടുമോർമ്മകൾ!!

പുതിയതായ് ചേർന്നൊരു വിദ്യാലയത്തിന്റെ
പടികളും താണ്ടി ഞാൻ മെല്ലെ നടക്കവേ
പെട്ടെന്നു മിഴികളുടക്കിയൊരോമന -
പ്പെൺകിടാവിൽ, ഞൊടി സ്തബ്ധനായ്പ്പോയി ഞാൻ !!
ആളികളോടൊത്ത് വിദ്യാലയാങ്കണേ
കേളികളാടിനടന്നൊരു പെൺകൊടി
കുസൃതി നിറച്ചതൻ കരിമഷി മിഴികളാൽ
കട്ടെടുത്തെന്നുടെ കൗമാരമാനസം !!

ആഴത്തിലെൻ ഹൃത്തടത്തിൽ പതിഞ്ഞുപോ-
യാഴിതൻ ജ്വാലപോൽ മിന്നുമാപ്പൂമുഖം
ആദ്യാനുരാഗക്കുളിർതെന്നൽ വീശിയെ-
ന്നാർദ്രമാം മാനസം പൂപോലുലഞ്ഞുപോയ് !!

ആ മുഗ്‌ദ്ധസൗന്ദര്യം നിന്റെതായ്ത്തീരുമെ-
ന്നാരോ സ്വകാര്യം പറഞ്ഞുവെൻ ചാരെയായ്
ആദ്യാനുരാഗമാണെങ്കിലുമവൾ പോലു -
മറിയാതെയെന്നുള്ളിൽ താഴിട്ടു പൂട്ടിഞാൻ !!

ചിറകടിച്ചെത്തുന്ന മധുരക്കിനാക്കളാം
ചായങ്ങൾ ചാലിച്ചു മഴവില്ലുതീർത്തുഞാൻ !
ചേലുള്ള ചിത്രങ്ങൾ തീർത്തുഞാനെൻമനം
ചിത്രപതംഗമായ്ത്തീർന്നൊരാ നാൾകളിൽ!!

അനുരാഗമൊട്ടുമറിയിച്ചതില്ല ഞാ-
നവളെന്റെ പ്രിയസഖിയായതിൻ ശേഷവും !
കാലം കടന്നുപോയ്; അറിയാതെയവളുടെ-
കരളിലും തളിരിട്ടു പ്രണയത്തിൻ വല്ലികൾ !!

കാത്തിരിപ്പിൻ നീണ്ട കാലം കഴിഞ്ഞെന്റെ
പത്നിയായ്, കൈ പിടിച്ചെൻ വാമഭാഗമായ് ;
പൊന്നുണ്ണിയൊന്നു പിറന്നവൻ ശൈശവം
പിന്നിട്ടു ബാലനായ്, താണ്ടി കൗമാരവും!!!

രണ്ടു ശരീരവുമൊറ്റ മനസ്സുമായ്
രണ്ടു പതിറ്റാണ്ടു പിന്നിട്ടുവിപ്പൊഴും
പങ്കിടുന്നാ സ്നേഹമതുപോലെയുള്ളിലെ
പ്രണയാഗ്നി ജ്വാലയും കെട്ടടങ്ങീടാതെ !!!

ഓർമ്മകൾ കണ്മുന്നിലെത്തിച്ച കാഴ്ചയൊ-
രോമൽക്കിനാവായ് തഴുകിയുറക്കിയെ-
ന്നോമലാളിൻ ചാരെ ഞാനും മയങ്ങിയെ -
ന്നോമനസ്വപ്നങ്ങൾ കണ്ടുകൊണ്ടങ്ങനെ !!!


up
0
dowm

രചിച്ചത്:സാജൻ എം എ
തീയതി:13-03-2020 01:42:08 AM
Added by :സാജന്‍ എം. എ
വീക്ഷണം:382
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me