വിഴുപ്പുഭാണ്ഡം - തത്ത്വചിന്തകവിതകള്‍

വിഴുപ്പുഭാണ്ഡം 

ഞാനെന്റെയീക്കൂറ നാറുന്ന ഭാണ്ഡവും
പേറിയിങ്ങെത്തിയീ പുണ്യപ്രവാഹത്തിൽ
ഇനിയില്ല ഞാനീ വിഴുപ്പലക്കാൻ പുണ്യ-
ഗംഗാസരിത്തുക്കളൊന്നിലും; സത്യമേ !
എങ്ങുമൊഴുകും മലിനപ്രവാഹത്തിൽ
എൻറെയീ ഭാണ്ഡവും കൂറയും കുപ്പയും.

പുണ്യസരിത്തിൽ ഞാൻ ഭാണ്ഡമഴിച്ചെന്നാൽ
എന്റെ വിഴുപ്പിലഴുക്കു പിടിച്ചിടും
ഇനിയില്ല ഞാനീ വിഴുപ്പലക്കാൻ പുണ്യ-
ഗംഗാസരിത്തുക്കളൊന്നിലും; സത്യമേ.
ഇനിയില്ല ഞാനീ കുമിയുന്ന കുപ്പയും
ചപ്പും കരിച്ചു സംശുദ്ധമാക്കീടുവാൻ

എരിയുന്നതെവിടെയും മനുജന്റെ ഹൃദയവും
ഉയിരുപൊയ്പോയതാം തനുവിന്റെ നികരവും
എവിടെനിന്നാണ് പകർന്നെടുക്കേണ്ടു ഞാൻ
പരിശുദ്ധിയോടെരിയുമൊരു ചെറുനാളത്തെ?
പ്രകൃതി നല്കുന്നതാം വിഭവങ്ങളുപഭോഗ-
തൃഷ്ണയാലെച്ചിലായ്, കാകോളതുല്യമായ് !

ഇവിടെയിന്നലയുന്നു ഭ്രാന്തിയെപ്പോലെന്റെ-
പ്രകൃതി, എൻ കണ്ണിലോ നിത്യനിശൂന്യത!
ഇവിടമോ പുണ്യഭൂ? ഇവിടമോ കർമ്മഭൂ ?
ഇവിടമൊരെരിയുന്ന ചുടലക്കളം മാത്രം !
ഇവിടെയോ ഞാനെൻ വിഴുപ്പലക്കേണ്ടത്?
എവിടെനിന്നാണ് ഞാൻ ശുദ്ധനാകേണ്ടത്?

എവിടെ സംശുദ്ധിയെനിക്ക് നൽകീടുവാൻ?
എവിടെ ഞാൻ തേടേണ്ടതഗ്നിശ്ശലാകകൾ ?
ഇവിടെയിന്നെന്റെയീ മൺചെരാതിൽ കരി-
ന്തിരിയും വരണ്ട തൈലത്തിന്റെയോർമയും !
ഇവിടെയിന്നെന്റെയീ ചുമലിൽ വിഴുപ്പിന്റെ
കനമുള്ള ഭാണ്ഡവും ഞാനും ശവങ്ങളും!


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:18-03-2020 02:25:15 PM
Added by :C K Sudarsana Kumar
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :