ശൂന്യ ഗർഭം
വിറകേറ്റി വന്നാസ്ത്രീ
കമ്പൊടിച്ചു മൂന്ന്
കല്ലിനിടയിൽ തിരുകി
കൊള്ളിയുരച്ചങ്ങു കനലാക്കി
ഉയരുന്ന പുകച്ചുരുളിൽ
ആസ്ത്മ വലിച്ചൊരു
വരണ്ട ചുമയോടെ
വീണ്ടും ഊതി
മേലെ മാറാല കൊണ്ടൊരു
പന്തലാരോ തൂക്കി
താഴെ വവ്വാൽ കണക്കെ
ഉണക്ക കരിം പുളികളും
വറ്റിനായി അരിക്കലം
തുറന്നന്വേഷണമായി
ഉപ്പുവേണ്ടി വരില്ലെന്നവൾക്കറിയാം
കണ്ണീരിൽ കടലോളം ഉപ്പുണ്ടത്രേ
*************************
കരിഞ്ഞുണങ്ങിയ കറിവേപ്പില
അരകല്ലിനെ ലജ്ജിതനാക്കി
തുളവീണ ഓടിൽനിന്നിറ്റിറങ്ങുന്ന
വെളിച്ചം മാത്രമാടുക്കളക്കഴകേകാൻ
അസ്ഥി തെളിഞ്ഞൊരെലിക്കുഞ്ഞു
കാമ്പുന്നൊരു പൊള്ളയാം
ചിരട്ട അടുപ്പിൻ കീഴെ
ദാരിദ്ര്യം തളം കെട്ടിനിന്നവളുടെ
അടുക്കള...
വീടിന്റെ ശൂന്യ ഗർഭമാണ്
ആ അടുക്കള
Not connected : |