ഭരണരഥമുരുളുന്നു. - തത്ത്വചിന്തകവിതകള്‍

ഭരണരഥമുരുളുന്നു. 


ഭരണരഥമുരുളുന്നു പൊടിപടലമുയരുന്നു
നിണമൊഴുകിവീഴുന്നു തലകൾ നിപതിക്കുന്നു
ജഡമലകൾ പെരുകുന്നു ജനനി വിലപിക്കുന്നു
വൻപുലികൾ അമറുന്നു സിംഹങ്ങൾ മുരളുന്നു

ജനത മരവിക്കുന്നു നിശ്വാസമുതിരുന്നു
ചടുലനിശ്വാസങ്ങൾ ചുഴലികൾ ചമയ്ക്കുന്നു
മണിമന്ദിരങ്ങളുടെ അടിയിളകിയുലയുന്നു
ഭരണരഥമുരുളുന്നു പൊടിപടലമുയരുന്നു

നിണമൊഴുകിയുറയുന്ന രണഭൂവിലുരുളുന്ന
രഥമാകെയുലയുന്നു കീലം കളഞ്ഞുപോയ്
അരചനതു കാണാതെ അവനിൽ വീഴുമോ?
ഇനിയുമൊരു കൈകേയി അണിവിരല് നൽകുമോ?

ഇനിയുമൊരു രാമന്നു വനവാസമേകുമോ?
ഇനിയുമൊരു രാവണൻ സീതയെ കക്കുമോ?
അസുരകുലം ഇവിടെയിന്ന് ആർത്തലച്ചീടുന്നു
ജനതതികൾ നാടിതിൽ മരണം വരിക്കുന്നു

ഭരണരഥമുരുളുന്നു പൊടിപടലമുയരുന്നു
മണിമന്ദിരങ്ങളിൽ മണിവീണ തേങ്ങുന്നു
മധു ചഷകങ്ങളിൽ മധുവീണു നുരയുന്നു
മരണമണി തൻ സ്വനം ചെവിതുളച്ചീടുമ്പോൾ

ആഹാരമില്ലാതനേകർ കേണീടവേ
ആകാശയാനത്തിൽ ഏറുന്നകലയായ്
ആഘോഷമേറെ നടത്തുന്നരചരും !
ഭരണരഥമുരുളുന്നു പൊടിപടലമുയരുന്നു

വിശ്വാസമൊക്കെയും കാറ്റിൽ പറത്തുവാൻ
നവയുഗ ഗണികമാർ വേഷങ്ങളാടാവേ
മന്ത്രീശ്വരന്മാർ ശകുനിവേഷങ്ങളിൽ!
ഇനിയാ കുമാരൻ പുലിപ്പാലുതേടുമോ?


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:22-03-2020 02:57:13 PM
Added by :C K Sudarsana Kumar
വീക്ഷണം:13
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :