മഴയും മരവും
മഴ വന്നു മണ്ണു നനച്ചുവല്ലോ
മണ്ണിൻ സുഗന്ധം പരന്നുവല്ലോ
മണ്ണിലുറങ്ങിയ വിത്തുകൾ സർവവും
കണ്ണു തുറന്നു തുടങ്ങിയല്ലോ
എണ്ണിയാലൊടുങ്ങാത്ത വിത്തുകളെല്ലാമേ
നിമിഷങ്ങളെണ്ണി കിളിർത്തു വന്നു
വിണ്ണിനെയെത്തിപ്പിടിക്കുവാനെന്നോണം
ഇലകളോടൊടപ്പം ഉയർന്നു ഭൂവിൽ
ആയിരം പതിനായിരം ലക്ഷങ്ങൾ കോടികൾ
എണ്ണുവാനില്ലിയി ക്ഷോണി തന്നിൽ
മുത്തമിട്ടവർ പൊന്തി പല തരത്തിൽ
ഏവർക്കും സന്തോഷമേകുവാനായി
ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ വന്നു പോയ്
പൂക്കുന്ന കായ്ക്കുന്ന വൻമരമായി
വിലസുന്ന ക്ഷിതിരത്തിൽ പ്രകൃതി തൻ നന്മയായ്
സർവഥാ കാവലായെന്നുമെന്നും
പൂന്തോട്ടം നിറയുന്ന പൂക്കളിൻ സൗരഭ്യം
തെന്നലോടൊപ്പം പടർന്നിടുമ്പോൾ
ഭാവഭേദാദികൾ ഏതുമില്ലാതെ
മാലോകർക്കെല്ലാം പകർന്നിടുന്നു
ശലഭങ്ങൾ വണ്ടുകൾ പറവകൾ തുമ്പികൾ
എത്തുന്നു പൂക്കൾ തൊട്ടു തലോടുവാൻ
തേനും തിനയും നൽകിയെല്ലാരെയും
ആമോദിപ്പിക്കുന്നു പുഷ്പവൃന്ദം
നിസ്സാരമോരോരോ വിത്തിലുമുണ്ടല്ലോ
അത്ഭുതമേറുന്ന ജീവസത്യം
പ്രപഞ്ചത്തെയെന്നും നിലനിർത്താൻ വേണമീ
വാതാവരണവും സസ്യജാലങ്ങളും
സൃഷ്ടിച്ചത്തീശ്വരനാണെന്നറിയാതെ
നാശം വിതക്കുന്ന മർത്യജന്മം
പിന്മുറക്കാർക്കായി മിച്ചം വരുത്തുമോ
സസ്യലതാദിയീ ഭൂതലത്തിൽ
Not connected : |