ഉത്തരം തേങ്ങുന്ന ചോദ്യങ്ങള്‍  - തത്ത്വചിന്തകവിതകള്‍

ഉത്തരം തേങ്ങുന്ന ചോദ്യങ്ങള്‍  

ഒഴുകിയൊഴുകിയൊഴുകിയെന്റ്റെ
പുഴയെവിടെപ്പോയ്
അണകെട്ടാന്‍പുഴനല്‍കിയ
മണലെവിടെപ്പോയ്
മലനാടിനുകോട്ടതീര്‍ത്ത
മലയെവിടെപ്പോയ്
മലരണിയുംകാടിന്റ്റെ
മണമെവിടെപ്പോയ്
കളകൂജനമാലപിച്ച
കിളിയെവിടെപ്പോയ്
വറുതിക്കുവരമ്പുതീര്‍ത്ത
വയലെവിടെപ്പോയ്
പണിയാളിന്‍വേര്‍പ്പൊപ്പിയ
പാട്ടെവിടെപ്പോയ്
കയര്‍ നൂറ്റൊരുകൈകളിലെ
കറയെവിടെപ്പോയ്
കരിനീലക്കണ്‍മുനയിലെ
കനവെവിടെപ്പോയ്
കൂട്ടാളിപകര്‍ന്നുതന്ന
കുളിരെവിടെപ്പോയ്
കരിവീട്ടിക്കാതലിന്‍
കരുത്തെവിടെപ്പോയ്
നാട്ടിന്‍പുറനന്‍മയിലെ
നനവെവിടെപ്പോയ്
മലയാളത്തനിമയെന്ന
മധുവെവിടെപ്പോയ്
ഇടിമുഴക്കമായുയര്‍ന്ന
കൊടിയെവിടെപ്പോയ്
അരിയമണ്‍ചെരാതിന്റ്റെ
തിരിയെവിടെപ്പോയ്
മാറ്റങ്ങള്‍നെഞ്ചേറ്റിയ
മനസ്സെവിടെപ്പോയ്
നിനവില്‍ നാംകാത്തുവച്ച
നിധിയെവിടെപ്പോയ്
കവിമനസ്സില്‍ നീറിനിന്ന
കനലെവിടെപ്പോയ് -ആ
കനലൂതിത്തീ നിറച്ച
കാറ്റെവിടെപ്പോയ് ......


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:01-03-2013 12:27:18 AM
Added by :vtsadanandan
വീക്ഷണം:235
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :