' നൊമ്പരം'  - തത്ത്വചിന്തകവിതകള്‍

' നൊമ്പരം'  

മഴപെയ്ത നാളിലാണാദ്യമായ് നിന്നെ ഞാന്‍
കണ്ടതെന്നോര്‍മ്മയുണ്ടോമല്‍സഖീ .
പുഴയിലെ വള്ളത്തില്‍ നനയാതിരിക്കാനെന്‍-
കുടയുടെ പാതി ഞാന്‍ നല്‍കിയില്ലേ
എന്നിട്ടുമെന്‌ നേര്‍ക്ക്‌ ഒരുവട്ടമെങ്കിലും
നോക്കാതെ അന്ന് നീ നടന്നുപോയി
കാച്ചെണ്ണ തേച്ച നിന്‍ കാര്‍കൂന്തലിന്‍ മൃദു-
ഗന്ധമെന്‍ ചാരെ നിറഞ്ഞിരുന്നു .

വൈകാതെ നീയെന്‍റെ ജീവിത യാത്രയില്‍
താങ്ങായ് കൂട്ടായ് കടന്നുവന്നു
എന്‍ മക്കളെ പെറ്റ് കൂട്ടുവാനും പിന്നെ,
എന്‍ കയ്യില്‍ തലചായ്ചുറങ്ങുവാനും
എന്‍ നെഞ്ചോടൊട്ടി കിടന്നുകൊണ്‍-
ടോരോ പരിഭവം ചൊല്ലിയതും
കാലം കടന്നു പോയ് മക്കളും മക്കടെ-
മക്കളുമായേറെ പേരുവന്നു
എല്ലാര്‍ക്കും മുന്നിലായ് നാമിരിക്കുമ്പോളീ,
ലോകമേ കാല്കീഴിലെന്നുതോന്നും .
സന്തോഷ സന്താപത്തോടെനാമൊന്നിച്ച്
ജീവിച്ച കാലവും ഓര്‍മയില്ലേ?

എന്നിട്ടും നീയെന്നെ ഒറ്റക്കീഭൂവിലായ്
ആര്‍ക്കായ് ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു
കാണുവാന്‍ വയ്യ നിന്‍ ദീര്‍ഘ ശയനവും,
മക്കളിന്‍ ദീനമാം രോദനവും
എല്ലാം നിന്നാത്മാവ് കാണുന്നുണ്ടെങ്കിലെന്‍-
ചോദ്യത്തിനുത്തരം നല്കീടാമോ
എങ്ങനെ ഞാനിനി രാവുറങ്ങീടും-
നിന്‍ കയ്യെന്‍റെ മാറില്‍ പുണര്‍ന്നില്ലെങ്കില്‍.
ആര്‍ക്കായ് ഞാന്‍ ബാക്കിവക്കും പിടി അന്നവും -
മായ്ക്കാന്‍ കഴിയാത്ത ഓര്‍മ്മകളും.
പുലരിയിലുണരുവതെന്തിനു ഞാനിനി -
നീയില്ലാ ജീവിത സായാഹ്നത്തില്‍....


up
0
dowm

രചിച്ചത്:D A S
തീയതി:12-03-2013 11:36:51 AM
Added by :shaju david
വീക്ഷണം:249
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :