നിനക്ക് തെറ്റി - തത്ത്വചിന്തകവിതകള്‍

നിനക്ക് തെറ്റി 

ഇപ്പോഴും നിന്നെയെനിക്ക്

ഭയമാണെന്നു ധരിക്കുന്നെങ്കില്‍

തെറ്റി.

എന്‍റെ ഈ മൗനം

നിന്‍റെ വിജയമാണെന്നു

കരുതിയെങ്കില്‍ അതും.

നിന്‍റെ ദംഷ്ട്രകള്‍ എന്‍മാറിടത്തില്‍

വീഴ്ത്തിയ ചോരപ്പാടുകള്‍

അത്ര പെട്ടെന്നുണങ്ങുമെന്നു

നീ വിചാരിച്ചുവോ?!

നിന്‍ ചാട്ടവാറുകള്‍

ചോരച്ചാലുകള്‍ തീര്‍ത്തയെന്‍

ചര്‍മ്മം, പടം പൊഴിക്കാനാവാതെ ഇനിയും.

നിന്‍റെ കാമക്രോദ്ധങ്ങള്‍ ഒരു

കാരിരുമ്പിന്‍ ശൂലമായ് എന്‍റെ

അഭിമാനത്തില്‍ തറച്ചതും

നിന്‍റെ നീചമാം ഭത്സനങ്ങള്‍

എന്‍റെ മനസ്സിലൊരു ചുഴലിക്കാറ്റായ്

ഉഴറിയടിച്ചതും

നിന്‍റെ കഴുകദൃഷ്ടിയില്‍

വിറ പൂണ്ടൊരെലി പോലെ

എന്‍ ഹൃദയം മിടിച്ചിരുന്നതും

ഒന്നും എനിക്ക് ഓര്‍മ്മിക്കാന്‍

ആഗ്രഹമില്ലായിരുന്നെങ്കിലും

ഒരിക്കലും മറക്കാന്‍ സാധിക്കാത്ത

വിധമായിരുന്നല്ലോ നിന്‍റെ

ക്രൂരതകളുടെ ഭാണ്ഡക്കെട്ടഴിച്ചു

നീയെനിക്കാവോളം വിളമ്പിയിരുന്നത്.

അത് നിന്‍റെ ശരിയുടെ തെറ്റ്.

സ്വാന്തന്ത്ര്യബോധം എന്തെന്നറിയാത്ത

എന്നെ നീ അടിമയാക്കാന്‍ ശ്രമിച്ചപ്പോള്‍

പാരതന്ത്ര്യമെന്തെന്നു ഞാനറിഞ്ഞു.

ഇപ്പോള്‍ എന്‍റെ സമയം...

എന്‍റെ പടുതിരിയുടെ ആളിക്കത്തലില്‍

നിന്‍റെ വീര്യം കത്തിയമര്‍ന്ന് എനിക്കു

സ്വാതന്ത്ര്യം ലഭിച്ച നിമിഷം തന്നെ

നിന്‍റെ ചിതയിലെനിക്കു

തീ കൊളുത്താമായിരുന്നു.. അതിനാല്‍

എന്‍റെ ഈ നിസ്സംഗത നിന്‍റെയുള്ളില്‍

അത്ഭുതങ്ങളുടെ വേലിയേറ്റം

സൃഷ്ടിക്കുന്നുണ്ടെന്നും എനിക്കറിയാം

നിന്‍റെ മനസ്സ് നിന്നോട് മന്ത്രിക്കുന്നത്

ശരിയാണെന്നു ആശ്വസിക്കുക

നിനക്കെന്നുമറിയുന്നതു പോല്‍

എന്‍റെ ഭാഗത്തു നിന്നൊരാക്രമണം

നീ പ്രതീക്ഷിക്കേണ്ട

നിന്‍റെ ആക്രമണങ്ങളില്‍ നിലം പരിശായ

ആ അടിമ മനസ്സ് തന്നെയാണിന്നും എന്റേത്

എനിക്ക് നല്ലവണ്ണം അറിയാം

ഞാന്‍ ആക്രമിക്കപ്പെട്ട അളവുകോലുകളെ

എന്‍റെ ആക്രമണങ്ങള്‍ക്ക് മറികടക്കാനാവില്ലെന്ന്

അതിനാല്‍ നിന്നെ പതിയിരുന്നാക്രമിക്കാന്‍

ഞാന്‍ തുനിയുമെന്നു കരുതണ്ട.

നിന്നെപ്പോലെ കഴിവില്‍ക്കവിഞ്ഞഹങ്കരിക്കാന്‍

എനിക്കൊട്ടും ആവില്ലല്ലോ.

പക്ഷേ, ഞാന്‍ ഇന്നും വിശ്വസിക്കുന്നു

നിനക്കര്‍ഹമായ ശിക്ഷ തരുവാനെന്നെങ്കിലുമൊരു

അമാനുഷീകത ഉടലെടുക്കുമെന്നും

അന്നു നീ എന്‍റെ ഇപ്പോഴും കരിയാത്ത

ദീനവിലാപങ്ങളുടെ അലയടിയില്‍

കട പുഴക്കിയെറിയപ്പെടുമെന്നും.

ആ ശിക്ഷാവിധി നടപ്പാകുന്ന ദിവസവും

ഞാന്‍ പൊട്ടിപൊട്ടി കരയും

അശരണരില്‍ നിന്നും വിജയങ്ങള്‍ മാത്രം

വെട്ടിപ്പിടിച്ചു അട്ടഹസിച്ചിരുന്ന

നിന്‍റെയാ അധോഗതിയോര്‍ത്ത്.

പക്ഷെ അന്നും നിനക്കഭിമാനിക്കാം

എട്ടും പൊട്ടും തിരിയാത്തൊരു വ്യക്തിയെ

സ്നേഹലാളനങ്ങളുടെ വിലയും

സഹനപര്‍വതത്തിന്‍റെ ഉയരവും

ഒരിക്കലും മറക്കാനാവാത്ത രീതിയില്‍

പഠിപ്പിച്ച് ആ മനസ്സില്‍ ഊട്ടിയുറപ്പിച്ചതിന്.

അങ്ങയുടെ ആ ദയാവായ്പ്പിന്

ഇന്നും എന്നും ഞാന്‍ കടപ്പെട്ടിരിക്കും.

അതോര്‍ത്തു നിനക്കപ്പോഴുമഭിമാനിക്കാം.

- ജോയ് ഗുരുവായൂര്‍


up
0
dowm

രചിച്ചത്:ജോയ് ഗുരുവായൂര്‍
തീയതി:20-03-2013 09:14:00 AM
Added by :ജോയ് ഗുരുവായൂര്‍
വീക്ഷണം:225
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :