കനല്‍ക്കട്ടകള്‍ - മലയാളകവിതകള്‍

കനല്‍ക്കട്ടകള്‍ 

വാക്കിന്‍
കനല്‍ക്കട്ട പൊള്ളുന്നു
നാളങ്ങളാളുന്നു
കത്തുന്ന മണ്ണിന്റെയാത്മാവില്‍
നീര്‍ വീഴ്ത്തുവാന്‍
മേലെ മേഘങ്ങളെത്തുന്നു

ഇപ്പോഴുമേതോ വികാരം തുടിക്കും
ഇലപ്പച്ച വേറിട്ടു കാണാം
മിഴിക്കോണു മിന്നിത്തിളങ്ങുന്നു
വാക്കിന്‍ കനല്‍ക്കട്ട പൊള്ളുന്നു
നാളങ്ങളാളുന്നു

2

നിന്‍ മന്ദഹാസക്കഠാരത്തിളക്കങ്ങളെന്‍
കണ്ണു കുത്തിത്തുളയ്ക്കുന്നു
നീളുന്നു,
ആഴത്തിലോരോ ഞരമ്പും
മുറിച്ചാഴ്‌ന്നിറങ്ങുന്നു.
വാക്കിന്‍ ജ്വലിക്കും കനല്‍ക്കട്ടമേല്‍വച്ചതിന്‍
തുണ്ടരക്കായുരുക്കുന്നു,
ഒരോമല്‍ക്കിനാവിന്റെ
രൂപങ്ങള്‍ തീര്‍ക്കു-
ന്നൊരുക്കു,ന്നൊടുങ്ങാത്തൊരെന്‍ മൂകത-
യ്ക്കര്‍ത്ഥബോധങ്ങളൂതിത്തെളിക്കുന്നു

3

നീ കണ്ണിമയ്ക്കാതെ നോക്കൂ
മറയ്ക്കുന്ന മഞ്ഞിന്‍ പുതപ്പൊന്നു നീക്കൂ
നിരപ്പുള്ളൊരിത്താണ ഭൂമിയ്കുമേ-
ലാത്മമിത്രങ്ങള്‍,(ശത്രുക്കളും)
നൃത്തമാടിത്തകര്‍ക്കുന്നു
കാലൊച്ചപോലും
ഭയാക്രാന്ദനെന്നെക്കടന്നാക്രമിക്കുന്നു
രക്തം തെറിക്കുന്നു

4

വീട്ടിന്നകത്തെസ്സ്വകാര്യത്തില്‍ നീ
നിന്‍ ചെടിപ്പും മടുപ്പും മറക്കാ-
നുടുപ്പൊക്കെ,യോരോന്നഴിക്കുന്ന നേരത്ത്‌
കണ്ണാടി,യേതോ നിഴല്‍ത്തീയി-
ലാകെ വിറയ്ക്കുന്നു
നാണം ഞടുങ്ങുന്നു
ഞെട്ടിത്തിരിഞ്ഞൂ
തെരെഞ്ഞൊന്നു നോക്കുന്നതിന്‍‌
മുന്‍പതാരെന്നറിഞ്ഞൂ
കരള്‍ക്കാമ്പിലേതോ തിരക്കോളിളക്കം
തിരക്കുന്നു നീയുണ്മ

5

തീജ്ജ്വാല തത്തിക്കളിക്കുന്നു
നീയിന്ദ്രചാപം കുലയ്ക്കുന്നു
നീയിന്ദ്രജാലം ചമയ്ക്കുന്നു
വാഴ്‌വിന്റെ കോലങ്ങള്‍ കെട്ടുന്നു
നിശ്ശബ്ദശങ്കാവിഷാദം നിശീഥങ്ങ,ളേകാന്ത യാമങ്ങ-
ളെന്നൊപ്പ,മാടുന്നു.


up
0
dowm

രചിച്ചത്:Raji Chandrasekhar
തീയതി:13-12-2010 10:31:34 AM
Added by :prakash
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :