ജന്മനിയോഗങ്ങള്‍ - തത്ത്വചിന്തകവിതകള്‍

ജന്മനിയോഗങ്ങള്‍ 

സൈകതഭൂവിലെന്‍ സ്വപ്നങ്ങളൊക്കെയും
പിന്‍വിളി കാക്കാതെ പോയിയെങ്ങോ...
പോയി മറഞ്ഞൊരാ വാസന്ത സ്വപ്‌നങ്ങള്‍
നിശ്ചയം വീണ്ടും വരില്ല പാരില്‍ ...
കൂരിരുള്‍ മുറ്റുമഴലിന്‍ നടുവില്‍ ഞാന്‍
ഏകാന്ത വാസം തുടര്‍ന്നിടട്ടെ !
ശോഭിക്കും പൂന്തിങ്കള്‍ പൊന്‍മുഖം കാണുവാന്‍
ശോഷിച്ച കണ്ണുകള്‍ക്കാവതില്ല !
നീറുമുള്‍ത്താപത്തിന്‍ ചിതയിലെന്‍ ഗാത്രത്തെ
ഇട്ടേച്ചു പോയൊരു കാലമേ,നീ !
തീരാത്ത മൌനത്തിന്‍ കേള്‍ക്കാത്ത സ്പന്ദനം
അറിയാതെ പോകുന്നനന്തമായി ...
ഉപജീവനം തേടി ദേശങ്ങള്‍ താണ്ടുന്ന
മക്കളെയോര്‍ക്കാത്ത ഭാരതാംബേ !
കുന്നോളം സമ്പത്തുണ്ടാകിലെന്തു കാര്യം
കുഞ്ഞുങ്ങളെപ്പോറ്റാന്‍ ആവതില്ല !
ആരെപ്പഴിച്ചാലുമാരെ ശപിച്ചാലും
മാറ്റിടാനാകുമോ ദുര്‍വിധികള്‍ ...!
മായ്ച്ചാലും മാറാത്ത ജന്മനിയോഗങ്ങള്‍
തടയുവാന്‍ നമ്മളശക്തരല്ലോ ...
വാടാത്ത പൂവിന്റെ നെഞ്ചിലൊളിപ്പിച്ച
സൗര്‍വണ്ണ സ്വപ്നമേ മാഞ്ഞിടുക
കാലത്തിന്‍ ചിറകടിയൊച്ചകള്‍ മായുന്നു ....
കൈക്കൊട്ടി മരണം വിളിച്ചിടുന്നു ....!


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:16-04-2013 12:28:46 PM
Added by :Abdul shukkoor.k.t
വീക്ഷണം:183
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :