യാത്ര
കാലം കരിന്തിരി കത്തുന്നു, ഭൂപാള-
കാലത്തിലെത്തുന്നു വാര്‍ദ്ധക്യ പീഡകള്‍.
പ്രണനിലുത്തരം താങ്ങുന്ന പല്ലികള്‍
കാണാത്ത കാഴ്ചയ്ക്കു സാക്ഷിക്കുറിപ്പുകള്‍.
നോവിന്‍ തമോഗര്‍ത്ത പദ്മവ്യൂഹങ്ങളില്‍
കൈനേട്ട,മാദര്‍ശവാങ്മയം ദര്‍ശനം.
നീയെനി,ക്കാരെന്റെ ശൂന്യസ്ഥലികളി-
ലൂയലാടും നവ്യരാഗം വിരാഗവും.
അര്‍ദ്ധബോധത്തിലടുത്തിരുന്നെന്തിലും
വ്യര്‍ത്ഥതാബിംബം മെനെഞ്ഞെടുത്തെന്നിലും
കേവലാനന്ദം ജഡത്വമോഹം ദ്രുതം
തീവെള്ളമേകി വളര്‍ത്തും വികാരങ്ങള്‍..
നീയെനിക്കുണ്മ,യെന്‍ വ്യാമോഹവ്യായാമ-
ശാലയില്‍ യന്ത്രപ്രകര്‍ഷം സ്വേദം രതം.
പച്ചയും കത്തിയും വിഡ്ഢിവേഷങ്ങളും
മച്ചകക്കോണില്‍ തളര്‍ന്നുറങ്ങുമ്പൊഴും
കേളികൊട്ടിന്നും മുഴക്കുന്ന ഭൂതവും
കാളിമ തിങ്ങി,ക്കറുക്കുമെ,ന്നോര്‍മ്മയും
പേ പിടിച്ചോടുന്നു,വര്‍ത്തമാനങ്ങളില്‍
കാല്‍ തട്ടി വീഴുന്നു, നിദ്രാന്തര വ്യഥ
ഞെട്ടു,മുണര്‍വ്വിന്‍ കരങ്ങളി,ലാരക്ത-
മൊട്ടിപ്പിടിക്കുന്നു ശൂന്യ,മാവര്‍ത്തനം.
അജ്ഞാത,മേതോ നിതാന്ത സൌഭാഗ്യമായ്
പ്രജ്ഞയിലാഴും പഴുപ്പിച്ച സൂചിപോല്‍
സ്വപ്നത്തിലും ശിരോരേഖ പിളര്‍ന്നെന്റെ
നെഞ്ചിലേ,ക്കാഴ്ന്നിടും വാള്‍മുനത്തുമ്പുപോല്‍
എങ്ങു,മുണ്ടെന്നു,മുണ്ടേകാന്ത ഗഹ്വരം
തിങ്ങും വിരഹമായ്, നീ,യെനിക്കുണ്മയായ്
എങ്കിലും നീയെനിക്കന്യ, നിഴല്‍നൃത്ത-
രംഗം രചിക്കു,വോളെന്നിലും നിന്നിലും.
പ്രേതക്കിനാവിന്‍ നിരാലംബശയ്യകള്‍
പാതിരാക്കച്ച, ശുഷ്ക്ക താളം നിഷേധം
മാംസപിണ്ഡം ക്ഷുദ്രദാഹം മഥിക്കുന്നു
ശ്വാസനാളം സ്വപ്നമൂര്‍ച്ഛ മുറിക്കുന്നു.
നാം രണ്ടു പേ,രന്നു കല്പാന്തകാല വി-
നാശങ്ങള്‍ കണ്ടവര്‍, കണ്‍കളിലശ്രുവായ്
ദുഃഖം നിറച്ചവര്‍, ചുറ്റും പ്രളയാംബു
നൃത്തം ചവിട്ടവെ, മന്വന്തരങ്ങള്‍ക്കു-
പാപഭാരങ്ങളെ ഗര്‍ഭം ധരിക്കുവാന്‍
പാപക്കനികളെ കട്ടു ഭുജിച്ചവര്‍
ജന്മാന്തരങ്ങള്‍തന്‍ കര്‍മ്മചക്രങ്ങളില്‍
നന്മയും തിന്മയും കൂടിക്കുഴയവെ,
പണ്ടു, നിന്‍ വിക്ഷുബ്ധ ചിന്തയാം കുന്തള-
ക്കെ,ട്ടഴിഞ്ഞൂര്‍ന്ന നിശീഥങ്ങള്‍, മാനവ-
രക്തം നനച്ചൊരെന്‍ ഹസ്തങ്ങളാലവ
കെട്ടിയൊരുക്കി നാം, തമ്മില്‍ പിരിഞ്ഞ പൊന്‍-
നാഗങ്ങളായ് പാതി ദേഹമാ,യാത്മാവി-
ലാനന്ദ നൃത്തം നടത്തി,ത്തളര്‍ന്നു നാം.
വാക്കിന്‍ നിഗൂഢാര്‍ത്ഥ സഞ്ചയം നമ്മളില്‍
തീക്കൊള്ളികൊണ്ടു വ്രണം നിറച്ചപ്പൊഴും
നാഡിയി,ലാശ്വാസ വാക്കുകളഗ്നിയായ്
പീഡ നിരന്തര ശീതളജ്വാലയും.
കാലം ഗ്രസിക്കെയെ,ന്നൂര്‍ജ്ജവീര്യങ്ങളെ,
നീലാംബരത്തിലെയര്‍ക്കനെ, ഭൂമിയെ,
അല്ലിന്നബോധത്തിലാണ്ട ദര്‍പ്പങ്ങളെ,
കല്ലായുറഞ്ഞ മനസ്സുമായ് മൃത്യുവില്‍
ശ്രാന്തഭാവങ്ങളടക്കവാന്‍ നമ്മള്‍ക്കു
വീണ്ടും പ്രയാണം തുടങ്ങാം, വിലാപങ്ങ-
ളീഷലിന്‍ വില്ലു കുലയ്ക്കട്ടെ, വീഥിയില്‍
പാഷാണ,മല്ലന്ത്യ ഗേഹം, പരാതികള്‍
പാതകള്‍ മൂടും തമസ്സിലെന്‍ കാഴ്ചയ്ക്കു
നീതിയും പ്രജ്ഞതന്‍ പഞ്ചകോശങ്ങളും
കത്തിയടങ്ങും കപാലത്തിലിറ്റുവാന്‍
കണ്ണീര്‍ക്കണങ്ങളും ബാക്കിവച്ചേക്കുക..
Not connected : |