മലയാളമേ  - മലയാളകവിതകള്‍

മലയാളമേ  

പുലർമഞ്ഞു വീണു തളിർത്ത തുളസി തൻ
കരവച്ച കസവിന്റെ ചേല ചുറ്റി
തിരുവോണ രാവിൻറെ മാറിൽ പടരുന്ന
ചെറു തുമ്പ മലരിന്റെ മാല ചാർത്തി
ഹരിത കേരത്തരുത്തൊടികളിൽ തുഞ്ചന്റെ
അമര ഹസ്ത്തങ്ങളാൽ പിച്ച വച്ച്
മണി വിഷുക്കൊന്നയെ കണികണ്ടുണരുന്ന
മലയാള ഭാഷിണീ തേങ്ങരുതേ
കഥകളിത്താളം തുടിയ്ക്കുന്ന നിൻ മിഴി
ഭ്രമരങ്ങൾഅശ്രു പോഴിയ്പ്പതെന്തേ.
ഭഗവതി തെയ്യങ്ങളുറയുന്നതോറ്റങ്ങ—
ളുണരുന്ന കണ്ഠം വിറയ്പ്പതെന്തേ,.
ഗുളികനും പടയണിക്കോലവും തുള്ളലും
വേടനും മറുതയും പൂരങ്ങളും
കളരിയും പൂതവും ചുണ്ടന്റെ ഈണവും
അലിയുന്ന ഗാത്രം തളർന്നതെന്തേ,..
നിൻ മടിത്തട്ടിൽ പിറന്നു വീഴും കുഞ്ഞു
ചുണ്ടുകൾ നിൻ പാൽ നു ണച്ചിടാതെ
പയ്യിന്നകിടുകൾ തേടുന്ന സന്താപ-
മുള്ളിൽ കിടന്നു ജ്വലിക്കയാണോ,..
നിളയിലും ആലുവാ പുഴയിലും നീരാടി
അഴക് തുടിച്ചൊരാ കവിളിണയിൽ
ജലധികൾ നീന്തിക്കടന്നന്നു വന്നവർ
കരി തേച്ചൊരഴലു പിടയ്ക്കയാണോ,..
പ്രണയവും വിരഹവുമണിയും കരങ്ങളിൽ
കനക വളകളണിയിക്കുവാൻ
കനലിൻ സരണികൾ താണ്ടി വരുന്നവർ
അപമാനമണിയുന്ന ദുഖമാണോ,..
അറിയുക നീ നിന്നഴലു മറക്കുക
അലയുന്നു ഞാനഗ്നി വീഥികളിൽ
നീയാം സരസ്വതി വിഗ്രഹം വന്ദിച്ചു
കാവ്യ ഹാരങ്ങളും ചാർത്തുവാനായ്


up
0
dowm

രചിച്ചത്:വിജിൻ കെ നായർ
തീയതി:16-05-2013 08:41:05 AM
Added by :VIJIN
വീക്ഷണം:259
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :