നിഴൽ
തരണി തൻ ഒളിമയിൽ വിടരുന്ന
നിഴലിന്റെയഴകുള്ളയുടലന്നു കണ്ടു.
മഴ മാഞ്ഞു നഭസ്സൊന്നു തെളിയുവാൻ
മാനസക്കിളി പിന്നെയെന്നുമേ തേങ്ങി.
ഒഴുകുമെൻ ജീവനിൽ ഇണയായി
അറിയാതെ പിറകിലായ് തണലായി നിന്നു.
പുലരിയും സന്ധ്യയുമെരിയുന്ന വേനലും
അവൾ മാഞ്ഞ രജനിയും കണ്ടു.
തെളിയുന്ന രവി തന്റെ മിഴികളെ
കാർമുകിൽ കരമൊന്നെടുത്തങ്ങു മൂടി.
ചൊരിയുന്നൊരാമഴപ്പുഴയിലെ
നൗകയിൽ മറുകരത്തുഴയുമായ് നിന്നു.
പിറകിലേക്കിരുമിഴിക്കുരുവികൾ
പിന്നെയും ചിറകുകൾ വീശിപ്പറന്നു
ചെറിയൊരു നിഴലാട്ടമെവിടെയോ
നൗകയിൽ അലയുകയാണെന്നറിഞ്ഞു
മറയാത്ത ഭാവനക്കതിരുകൾ മറ നീക്കി
നിറനിലാവൊളി പോൽത്തെളിഞ്ഞു.
ഇതുവരെക്കാണാത്തൊരഴകുമായ്
നിഴലിന്റെത്തനു മുന്നിലന്നും പിറന്നു.
Not connected : |