കൈരളി
സ്നേഹ ദുഗ്ദ്ധമാം തുള്ളികൾ
എന്റെ നാവിലിറ്റു വീഴുമ്പോഴും
വേണു തൊൽക്കുമെന്നമ്മതൻ
കണ്ഠ നാദമേറ്റുറങ്ങുമ്പോഴും
ആദ്യമക്ഷിയിൽ വർണ്ണശോഭ
തൻ സൂര്യരശ്മിയേറ്റപ്പോഴും
ഞാനറിഞ്ഞുവെൻ ശോണിത-
ത്തിലെ പ്രാണ വായു നീ കൈരളി.
വർണ്ണമാരിവിൽ പൂത്തു നിൽക്കുമാ
അംബര പാഠശാലയിൽ
പക്ഷമില്ലാ പതംഗമായി ഞാൻ
വച്ചുവെന്നിളമഘ്രികൾ
നിന്റെ ഹൃത്തിന്റെ സ്പന്ദനങ്ങളിൽ
നിന്നുണര്ന്ന പക്ഷങ്ങളാൽ
ഇന്ദുവോളം പറന്നു തുഷ്ടിതൻ
ഗന്ധമേ തെന്നറിഞ്ഞു ഞാൻ
സന്ധ്യമാറത്തുറക്കുമാദിത്യ
ചുമ്പനം പോൽ വിളക്കിലെ
തുമ്പിലാകെ വിളങ്ങി നിൽക്കുന്ന
അന്തിനാമം മൊഴിഞ്ഞു നീ
ആഴിയേഴുമേ വറ്റുമഗ്നി പോൽ
സൂര്യനാർത്തിടും കാലവും
നീരുവറ്റാത്തുറവയാം കാവ്യ-
മാനസപ്പൊയ്ക തീർത്തു നീ
എന്റെയാത്മാവു നെയ്തു വച്ചൊരീ
വർണ്ണനൂലിൻ കണികകൾ
നിന്റെ ഗർഭ്ഭത്തിലുത്ഭവം കൊണ്ട
വട്ടെഴുത്തിന്റെ സന്തതി.
എന്റെ ജീവന്റെ അന്ത്യരേണുക്കൾ
അഗ്നി ഭസ്മമാക്കും വരെ
എന്റെ മജ്ജയിൽ വേർപ്പെടാതെ-
യുറഞ്ഞ വാക്ക് നീ കൈരളി .
ശ്രാവണ സുമസാഗരത്തിലോ
നീന്തിടും മത്സ്യകന്യയാം
ഓണരാവിന്റെയോർമ്മ തീർക്കുന്നു
പൂക്കളം മമ വാണിയിൽ
ശ്യാമയാം മുകിൽക്കാൽക്കൊലുസിന്റെ
ആരവം മങ്ങിയാവണി
സൂന താലങ്ങളേന്തി കൈരളി
ആഗതയായോണവും.
സൂര്യദൃഷ്ടിയേറ്റന്ധകാരം ദൂരെ
മാഞ്ഞു പോകുന്ന വേളയിൽ
വാടി തേടി പുഷ്പവീഥി തേടി-
പ്പായുമാർപ്പു നാദം മറഞ്ഞു പോയ്
പൂക്കളത്തിലെ വർണ്ണസൂനങ്ങ-
ളെണ്ണി നോക്കാതെയിന്നു ഞാൻ
അത്തവും അത്തകാല്യവുമ്മറ-
ന്നോണ നാളോ പുരിയ്ക്ക് പോം
ഓണഗാനത്തിന്നീണവും കളി-
ത്തുമ്പിയും മഴക്കൊഞ്ചലും
നിറത്താലവും മലർക്കാലവും
പറന്നോർമ്മയെപ്പുണർന്നെങ്കിലും
ആവണിച്ചാരു ലോചനങ്ങളിൽ
ഹേമ മുക്കുറ്റി പൂക്കവേ
ഓർമ്മ മേടുകൾ പൂത്തുലഞ്ഞു
വെണ് ചേല ചുറ്റുന്ന തുമ്പകൾ
കൊയ്ത്തു പാട്ടിന്റെ രാഗവീചിയിൽ
കറ്റ കെട്ടുന്ന കന്നിയും.
കൊള്ളിയാൻവെട്ടമാർക്കുമാത്തുലാ
കാറ്റിലാടുന്ന വർഷവും.
കാർത്തികത്തിരി പൊങ്ങുമന്തിയിൽ
കേൾക്കുമാ പുണ്യ നാദവും
മാർകഴിക്കുളിർക്കാല സന്ധ്യ തൻ
ചോപ്പു തേച്ച പുടവയും
മഞ്ഞിലാകെയുലഞ്ഞ കറ്റയിൽ
നിദ്ര പൂകും മകരവും
ഉണ്ണിമാങ്ങകൾ പുഞ്ചിരിക്കുന്ന
മാഘമാസ മാകന്ദവും
പൂരരാവിൻറെ നാണമൂറുന്ന
കാമദേവന്റെ കോലവും
ആറുമാഴിയുമാറ്റിവറ്റിക്കു-
മഗ്നിയാം മീന താപവും.
കൊന്നമുത്തുകൾ കോർത്ത ചേലയും
കണ്ണനും കണിച്ചന്തവും.
നാട്ടു മാമ്പഴച്ചാറിനുള്ളിലെ
തേൻ തുളുമ്പും മധുരവും
കോടിമുണ്ടും വരിക്കഗന്ധവും
കൊയ്ത്തു തീരാത്ത പാടവും
ദാഹമേറും വിഷുപ്പറവകൾ
കെഴുമാ ചൈത്ര മാസവും.
വർഷമാഗതയായി വൈകാശിയാനി-
മാസങ്ങൾ തോർന്നു പോയ്.
തോർന്നുപോകാതെയാർത്ത മാരിയിൽ
കേട്ടു പട്ടിണിത്താളവും.
ആടിവേടന്റെ കാൽച്ചിലങ്കകൾ
തേടി കർണ്ണങ്ങളാധിയാൽ
കൂരിരുട്ടു പോൽ കർക്കിടത്തിന്റെ
മേനി കണ്ടവൾ കൈരളി.
വീണ്ടുമാവണിപ്പൂ ചിരിക്കുമോ
ഓണവില്ലൊന്നുദിക്കുവാൻ
അമ്മകൈരളി ചുണ്ടിന്നുള്ളിലെ
പുഞ്ചിരിപ്പാൽ പൊഴിക്കുവാൻ.
മാഞ്ഞുപോയ സംസ്കാരശോഭ തൻ
സൂര്യരശ്മികൾ പൂക്കുവാൻ
ആംഗലേയക്കറയിളക്കുവാൻ
ശാരികച്ചുണ്ടനക്കുവാൻ.
വീണ്ടുമാവണിപ്പൂ ചിരിക്കുമോ
കേഴുവാൻ കുഞ്ഞുനാവുകൾ
സ്നേഹദുഗ്ദ്ധമാം തുള്ളികൾ
തന്റെ നാവിലേറ്റു വാങ്ങീടുവാൻ
വേണു തോല്ക്കുമൊരമ്മ തൻ
കണ്ഠ നാദമേറ്റുറങ്ങീടുവാൻ
താനറിയുവാൻ ശോണിതത്തിലെ
പ്രാണ വായുവീ കൈരളി
Not connected : |