പകലിനോടിത്തിരി പരിഭവം - തത്ത്വചിന്തകവിതകള്‍

പകലിനോടിത്തിരി പരിഭവം 

പകലിനോടിന്നെനിക്കില്ല പ്രണയം
അകലുകയാണു ഞാനിരുളു തേടി
വഴിവിളക്കില്ലാത്ത വഴികളിൽ നിൻ
കരിനിഴലുകളെത്താത്ത കരയിലൂടെ
പകൽ മുഖംമൂടികളഴിച്ചു വച്ചിന്നു ഞാൻ
അലയുകയാണൊരനാഥനായി ...
- എനിക്കിരുളിനോടാണിന്നു പ്രണയം ,

കരയോടു തിരചേർന്ന് പ്രണയം പതയ്ക്കുന്ന
തീരത്തു മണൽത്തരി നാണം മറക്കവേ
മണിയറയൊരുക്കിയ മധുചന്ദ്രലേഖയും
മേഘതട്ടത്തിനാൽ മിഴികൾ പൊത്തീടവേ
- എനിക്കിരുളിനോടാണിന്നു പ്രണയം ,

പകലിനെ കത്തിച്ചെരിച്ചുഗ്ര കോപമോ
ടാഴിതന്നാഴത്തിലാണ്ട തീഗോളമേ
തിര തിന്നു തീരാതെയുണരുമോ നാളെ നീ
തുടരുമോ ഈ മുഖം മൂടികൾ തൻ കഥ

മത ജാതി ചിന്തകൾ കൊളുത്തിയ കാട്ടു തീ
ചുടലയായ് ആളിപ്പടർന്നു കത്തീടവേ
കുടിലത മാത്രം നിറച്ച വെണ്‍പ്രാവുകൾ
ചടുലമായ് നീക്കും കരുക്കൾ കണ്ടീലയോ
കാലത്തെ വെല്ലാൻ പഠിപ്പിച്ച നാട്ടിലും
കാമം ഭരിക്കുന്ന കാഴ്ച നീ കണ്ടുവോ
കുബേര കുചേലാദി ജാതികൾ, കോമരങ്ങൾ
പാമരവർഗങ്ങൾ നായകർ , നരാധമർ
ചോരതൻ ചൂരു നിറഞ്ഞൊരാ നാളെകൾ
കരയുവാൻ മാത്രമായ് പുലരികളെന്തിന്

- എനിക്കിരുളിനോടാണിന്നു പ്രണയം ,

പകയില്ല , പരിഭവമുണ്ടെനിക്കിപ്പൊഴും
പറയുക വയ്യിനി പരിദേവനങ്ങൾ


up
0
dowm

രചിച്ചത്:ദീപക് ജി നായര്‍
തീയതി:30-09-2013 11:14:30 PM
Added by :Deepak G Nair
വീക്ഷണം:241
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :