മകൾക്ക് (എല്ലാ പെണ്‍ കുട്ടികൾക്കും ) - മലയാളകവിതകള്‍

മകൾക്ക് (എല്ലാ പെണ്‍ കുട്ടികൾക്കും ) 

മകൾക്ക് (എല്ലാ പെണ്കുിട്ടികൾക്കും )
----------------------------------------------------------------

വഴി തെറ്റിടാതെ നീ നോക്കണം ,
ഇരുവശവുമൊരു കണ്ണു കാക്കണം, ചെവി കൂർക്കണം
ശബ്ദരഹിതം നടക്കണം,,!
മകളേ മറക്കരുതു നീ വന്ന വഴികൾ നീ
പകൽ വെളിച്ചത്തി,ലറിഞ്ഞ നേർക്കാഴ്ചകൾ
കല്ലുകൾ , മുള്ളുകൾ , കാണാച്ചതിക്കുഴികൾ
അല്ലിൻ നിറം പൂണ്ട കൂരിരുൾ ത്താരകൾ !
കരിനാഗമിഴയുന്ന കരിയിലക്കാടുകൾ
കുറുനരികൾ മേയുന്ന കാട്ടുപുൽമേടുകൾ !
മകളേ ,നിനക്കു നിൻ വഴി നീ തെളിക്കണം
അകലെ ജ്ജ്വലിക്കുന്ന ലക്ഷ്യത്തിലെത്തണം
തലയിൽ നിൻ ഭാരം കനക്കുന്നുവെങ്കിൽ നീ
വഴിവക്കി ലത്താണി കണ്ടു പിടിക്കണം !
അറിയണം നീ ,നിന്റെ മുൻപിൽച്ചിരിക്കുന്ന
കൊതിവാക്കിനുള്ളിലെ ,ച്ച തി കണ്ടിരിക്കണം !
കാണുന്ന കാഴ്ചയിലെ ശരിതെറ്റു ചികയണം
കേൾക്കുന്ന കേൾവികളിൽ ഉണ്മയേതറിയണം
പൊള്ളുന്ന നേരിനെ ത്തേടി പ്പിടിക്കണം
കള്ളമേ താണെന്നു വേർതിരി ച്ച റിയണം
കരയരുത്! കണ്ണീരൊ, രിന്ധനം നിൻ, ശത്രു -
നിരകൾക്കു ,കണ്ണിൽ നീയഗ്നി വളർത്തണം!
ശിവനല്ല ,ഹരിയല്ല വിധിയല്ല ശക്തി !
ശിവയായ നാരിയെന്നറിയണം ,പുത്രീ!
മകളേ ,കരുത്താണു നീ ,നിൻറെ സന്തതി -
പ്പിറവിയിൽ നീയും പിറക്കുന്നിതമ്മയായ് !
അറിവിൻ കരുത്തിനാൽ ഉലകത്തെ വെല്ലണം
അറിയേണ,മമ്മയാ,ണുലകെന്ന സത്യം
പൊരുതുന്ന നേരിന്റെ പക്ഷം പിടിക്കണം
അരുതാത്തതരുതെന്നു പറയാൻ പഠിക്കണം
അഗതികൾക്കലിവിന്റെ നീരൊഴുക്കാവണം
കുടിലർക്ക് കണ്ണിലെ ക്കരടായി മാറണം
തളരുന്ന കൈകൾക്ക് നീ കരുത്താവണം
വളരുന്ന മക്കൾക്കു ഗുരുവായി മാറണം
വഴി തെറ്റിടാതെ നീ നോക്കണം ,
ഇരുവശവുമൊരു കണ്ണു കാക്കണം, ചെവി കൂർക്കണം
ശ്രദ്ധ പതറാതിരിക്കണം !
ഇവിടെ ഞാനൊറ്റ യാവുന്നു ,നിൻ വഴിയിൽ നീ
തനിയേ നടക്കണം ,നേർവഴി നയിക്കണം
ഇതു നിൻറെ കൂടെയുണ്ടാവട്ടെ ,പാഥേയ ,മി-
തൊരു പൊതി ച്ചോറല്ല , നിൻ താത ഹൃദയം !


up
0
dowm

രചിച്ചത്:യു .എസ് .നാരായണൻ , കടലാശ്ശേരി
തീയതി:28-11-2013 10:33:29 PM
Added by :Narayanan U Subrahmanian
വീക്ഷണം:373
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :