നാടു  നീങ്ങുന്ന  ദൈവം  - മലയാളകവിതകള്‍

നാടു നീങ്ങുന്ന ദൈവം  

നാടു നീങ്ങുന്ന ദൈവം
---------------------------------------------------

സരയൂ നദിക്കരെ കരയും കല്തുണ്ടുകൾ -
ക്കരികിൽ തിരിയുന്ന കാറ്റിനോടു ചോദിച്ചൂ
ഇവിടെ ക്കണ്ടോ നീയെൻ രാമനെ,വല്മീകത്തിൽ
ക്കവിയായ് പിറന്നോരാ ഋഷി തൻ ചിൽപുത്രനെ ?
ഗുജറാത്തിലെ മാംസം കരിയും മണം പേറി -
യലയും സബർമതി ക്കാറ്റിനോടു ചോദിച്ചൂ
കണ്ടുവോ നീ യെൻ രഘുരാമനെ ,മഹാത്മാവി -
ന്നവസാന വായുവിൻ* സഹജാക്ഷരശ്രീയെ ?
ഭുവനേശ്വറിൽ തകർന്നടിഞ്ഞ ദേവാലയ
ക്കുരിശിൽ തടഞ്ഞെത്തും കിഴക്കൻ കാറ്റേ ചൊല്ലൂ
അവിടെ ക്കണ്ടോ നീയെൻ രാമനെ,സ്സത്യത്തിന്റെ
പരിപാലകൻ ,നീതിരക്ഷകനയോധ്യനെ ?
ലജ്ജയാൽ തലതാഴ്ത്തി യുത്തരാനിലൻ ചൊല്ലീ
നിശ്ചയം വരാറില്ല.യീവഴിക്കിപ്പോൾ രാമൻ
ഭീതിയാൽ മിഴിപൊത്തി യുത്തരാനിലനോതി
നീതിമാൻ രഘൂത്തമാനെവിടെന്നറിവീല !
ഹിമവൽ ശൃംഗങ്ങൾ തൻ താഴ്വര ത്തടങ്ങളിൽ
വെടിയുണ്ടയെ പ്പേടിച്ചൊളിയ്ക്കും കുളിർകാറ്റേ

അവിടെങ്ങാനും കണ്ടോ നബിയെ ,കാരുണ്യത്തിൻ
പരിശുദ്ധനാം പ്രവാചകനെ സ്സത്യത്തിനെ ?
വെടിയുപ്പു കയ്ക്കുന്ന നാവിനാൽ ചൊല്ലീ കാ-
റ്റെൻ വഴിയിൽ കണ്ടില്ലെന്റെ സ്നേഹപാരമ്യത്തിനെ!

മരണം വിതയ്ക്കുന്നു ശൂലവും തോക്കും ബോംബും
മതമിന്നതിൻ ചോര ത്തണുപ്പിൽ ത്തഴയ്ക്കുന്നൂ
നെടുകെ പ്പിളർന്നൊരാ ഗ്ഗർഭപാത്രത്തിൽ കൈകൾ
മുറുകെ പ്പിടിച്ചൊരു ശൈശവം പിടയുന്നൂ
ജനനത്തിനും മുൻപേ മരണം വിധിച്ചൊരാ
ഹതഗർഭവേദന ഹൃദയം പോള്ളിക്കവേ
തെരുവിൽ കത്തിതീർന്ന കൂരയിൽ .സമാശ്വാസ-
മരുളുന്നാരോക്കെയോ .മതമില്ലവർക്കതിൽ
ഭക്ഷണം വസ്ത്രം വീട്‌ മരുന്നെന്നിവക്കൊപ്പ-
മക്ഷതചിത്തർക്കേകീ അഭയരക്ഷാബോധം
അവിടെക്കണ്ടൂ ഞാനെൻ രാമനെ ,മഹാത്മജി
നവഖാലിയിൽ തീർത്ത സ്നേഹവിപ്ലവത്തിനെ
അവിടെക്കണ്ടൂ ഞാനെൻ ക്രിസ്തുദേവനെ ,പ്പിന്നെ
നബിയെ ,ശ്രീകൃഷ്ണനെ, ബ്ബുദ്ധനെ, .ദൈവത്തിനെ !


എവിടെ സ്നേഹത്തിന്റെ ബീജമുൽഭവിക്കു ന്നു -
ണ്ടവിടെ പ്പണിയേണ്ട മറ്റൊരു ദേവാലയം !


*മഹാത്മജി അവസാനമായി പറഞ്ഞ വാക്ക് രാം എന്നാണ്
U.S.NARAYANAN,
UMAMPILLY MANA,
KADALASSERY
PH:9446360946


up
0
dowm

രചിച്ചത്:യു .എസ് .നാരായണൻ , കടലാശ്ശേരി
തീയതി:28-11-2013 10:35:22 PM
Added by :Narayanan U Subrahmanian
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :