ഊമക്കുയില്‍.....
ഊമക്കുയില്‍ .....
============
പാടനുള്ളതു പാടിനടക്കാന്‍
കഴിഞ്ഞിടാത്തൊരു പൂങ്കുയിലേ ...
പാട്ടുകളായിരമുണ്ടോ മനസ്സില്‍
കാട്ടാറിന്‍ കളനാദം പോല്‍
അകലെമരത്തിന് ചാഞ്ഞൊരുകൊമ്പില്‍
ആയിരമല്ലിവിടര്ത്തിയ പൂവുകള്‍
ആശകളായിട്ടാത്മാവിന്‍ വഴി
അറിയാതെങ്ങോ നിറമിയലുന്നു
കളകളനാദം ചേര്‌ന്നൊഴുകീടും
കണ്ണീരരുവിയിലോളം തീര്‌ത്തതു
കറുകപ്പുല്ലിനു തീര്‍ത്ഥംനല്‍കി
കാണാക്കരകളിലൊഴുകിയിറങ്ങി
പൊന്നുരുകുന്നൊരു പകലിന്മീതെ
പതഞ്ഞുപൊങ്ങും രോഷം തീര്‍ക്കും
പതിതര്‍ തന്നുടെ വേര്‍പ്പിന്കണമതില്‍
പകരം നല്‍കിയ പറുദീസ
നേര്‍ത്തൊരു കനവു പുതച്ചുമയങ്ങും
നിദ്രവരാത്തൊരു രാവിന്‍ മടിയില്‍
നിര്ത്താതുതിരും തേന്മഴയായി
നിരുപമമാമൊരു രാഗാലാപം
ശോഭയെഴും നിറമോടിയലും പൂ-
ശോഭയുതിര്‍ക്കും പിഞ്ചോമനകള്‍
ശോകം മുറ്റിയ മുഖവും മനവും
ശോഷിക്കുന്നിതു സ്നേഹം മാത്രം
ജനിമൃതികള്‍ക്കൊരു പാലം തീര്‍ക്കും
ജനനിക്കായൊരു വാക്കോ നോക്കോ
ജന്മം നല്‍കിയ താതനുനല്കാന്‍
ജീവിതവഴിയില്‍ യാതൊന്നില്ല
ഉയരുന്നത്യുന്നതികളില്‍ മാനവന്‍
ഉയിരില്ലാത്തൊരു പാവകണക്കെ
ഉയര്ത്തെണീക്കാന്‍ പാടെ വൈകി
ഉണ്മയതെങ്ങൊ ദൂരെമറഞ്ഞു
കാലം തിങ്ങി വളര്‍ന്നൊരു കാടായ്
കത്തിക്കാളും വൈജാത്യങ്ങളില്‍
കനവും നിനവും വറ്റിവരണ്ടൊരു
കല്ലോലിനിയീ മാനവജന്മം ....
Not connected : |