ഗൃഹ ബിംബങ്ങള്‍ (കവിത)       
    അമ്മേ....
 ഗുഹാ ഗൃഹത്തിന്റെ കരിയടുപ്പിനുള്ളിലേക്ക്
 നീ വിതച്ച നെടുവീര്‍പ്പുകള്‍,
 ചിമ്മിനിക്കരിപ്പാടത്ത് വളര്‍ന്ന് വിളഞ്ഞ
 വിളവെടുപ്പിന്
 സമുദ്രാന്തര്‍ഭാഗത്തെ ഭുമികുലുക്കത്തിന്റെ
 ഗന്ധമായിരുന്നു!..
 
 യാനാ ഇവാനോവിച്ച്,
 നൈറ്റ് ക്ലബ്ബിലെ നീലരാത്രികളില്‍
 വോഡ്കയുടെ പ്രസരിപ്പില്‍
 നിന്റെ ചുണ്ടില്‍ നിന്ന്
 ഞാനൂറ്റിയ രക്തരസം,
 ഒരു വെളിപാടിനിപ്പുറം
 കുളയട്ടയെ വച്ച് ഞാന്‍ തിരിച്ചെടുക്കുന്നു!
 
 ചേച്ചിക്ക്,
 അതിജീവനപ്പാടത്ത് ശിരോവസ്ത്രമിട്ട്
 സേവനക്കൊയ്ത്തിന് പോയ നിന്നെ,
 ഒരു വ്യാഴവട്ടത്തിനിപ്പുറം
 ഞാന്‍ കാണാന്‍ വന്നേയ്ക്കാം...
 പൊടിഞ്ഞ നിന്റസ്ഥിയിലിനിയും
 ചില തെളിവെടുപ്പുകള്‍ കൂടി ബാക്കിയുണ്ട്..
 
 അച്ചാ....
 ഒരു മഴുവും കയറുമുണ്ടെങ്കിലേതു മരവും
 വെട്ടിവീഴ്ത്താമെന്നെന്നെ തനിച്ചിട്ട കാട്ടില്‍,
 എതിര്‍ദിശയില്‍ കടപുഴകിയ
 ഒരു വംശവൃക്ഷത്തിനടിയില്‍പ്പെട്ട്
 ഞാന്‍ നിരങ്ങി നീന്തുന്നു..... 
      
       
            
      
  Not connected :    |