ഒരുക്കം
നീഎന്തെങ്കിലും എന്നോട് പറയുക
ഈ മൌനമെനിക്ക് അസഹ്യമാണ്....
താനേ നിവരുകയും പിന്നീട്ചുരുളുകളായി
മടങ്ങി മറയുകയും ചെയ്യ്ത പകല്‍ത്തുമ്പുകളില്‍
നിന്‍റെ കാലടികള്‍ വരച്ച അവ്യക്ത ചിത്രങ്ങള്‍
മഴവില്ലുകളായി ജന്മമെടുത്തിരുന്നു,
അവ എന്‍റെ താഴ്വാരങ്ങളില്‍ പുതിയ
ഋതുക്കളായി .......
പിന്നീട് എന്നോ അവയുടെ
നിറങ്ങള്‍ നീളം കുറഞ്ഞ് നിഴലുകളായി ......
പാതി മുറിഞ്ഞ നിറങ്ങളെ തുന്നിച്ചേര്‍ക്കാന്‍
എനിക്കിന്നു കഴിയുന്നില്ല
നീയതാവശ്യപ്പെടുന്നുവെങ്കിലും .
നനഞ്ഞ മണ്ണിനും ഒരു പിടി പൂക്കള്‍ക്കുമായി
എന്‍റെ ശരീരം എന്നെ വിറ്റ് കഴിഞ്ഞിരിക്കുന്നു....
കെടുതിയുടെ അവസാന അക്ഷരവും എഴുതപ്പെടുന്നുവെന്നറിവില്‍-
കരിഞ്ഞുണങ്ങിയ തിരിയുടെ ഗന്ധം പകര്‍ന്ന കാറ്റിനു കൂട്ടായിപോകുവാന്‍
ഞാനിവിടെ കാത്ത് നില്‍ക്കുകയാണ്
എന്നെ തിരഞ്ഞ്ബലിക്കാക്കകള്‍ വിശന്നു
കരയുന്നു .....
ഞാന്‍ അവയ്ക്ക്
അന്നമൊരുക്കുന്ന തിരക്കിലാണ് .
Not connected : |