യാത്രാരംഭം - തത്ത്വചിന്തകവിതകള്‍

യാത്രാരംഭം 

യാത്രാരംഭം
**************

എന്റെ ശവമെടുക്കുന്നവരോടൊരു വാക്ക്
എടുക്കുമ്പോള്‍ അധികം ഉലയാതെ നോക്കണം
ഉലഞ്ഞുലഞ്ഞു വശം കെട്ടവളാണ്
ഉടയാട ചുളിയാതെ നോക്കണം
ഉടുത്തു കെട്ടി മടുത്തതാണെങ്കിലും
ചുളിവുകളെന്നുമസഹ്യം

മുല്ലപ്പൂക്കള്‍ വാടാതെനോക്കണം,
അതിന്നലങ്കാരം പ്രിയനേറെ ഇഷ്ടം
കണ്ണടഞ്ഞിട്ടുണ്ടോന്നു നോക്കണം,
കണ്ണു കണ്ടു കഴച്ച കാഴ്ചകള്‍
വിളിച്ചു ഞാന്‍ പറഞ്ഞിടും
വാ മുറുക്കി കെട്ടിയിട്ടുണ്ടോന്നു നോക്കണം
ശബ്ദമുയര്‍ത്തി ഒച്ചയടഞ്ഞു പോയതാണ്

എന്‍റെ മൂക്ക് പൊതിഞ്ഞു കെട്ടണം
അതില്‍ നിറഞ്ഞ പ്രണയ സുഗന്ധം തങ്ങി നില്‍ക്കട്ടെ
വിറകില്‍ വച്ചെന്നെ അധികം പൊള്ളിക്കരുത്
ഉള്ളകം പാതി വെന്തു തീര്‍ന്നതാണ്
എന്നില്‍വച്ച പുഷ്പചക്രത്തെ വലിച്ചെറിയരുത്
അവയിലൂടൂഞ്ഞാലാടി വേണമെനിക്ക് പോവാന്‍

ഇട്ടു തന്ന വായ്ക്കരിയും ഇറ്റ് വെള്ളവുമാണ്
എന്റെ പുനര്‍ജനിക്കുള്ളയാഹാരം
മരണമെത്തുമ്പോഴുള്ള വെപ്രാളത്തില്‍,
പലതും ചെയ്തും പറഞ്ഞും തീര്‍ക്കാന്‍ മറന്നു പോയി

ഈ ശവയാത്രയെ അനുഗമിക്കുന്നവരേ
നിങ്ങളുടെ കണ്ണുപെയ്യേണ്ട
ദുരിത പര്‍വ്വത്തില്‍നിന്നും
സുവര്‍ണ്ണ പര്‍വ്വത്തിലേക്കുള്ള
ഉയര്‍ച്ചയല്ലേ മരണം


up
0
dowm

രചിച്ചത്:പ്രിയ ഉദയന്‍- കാലടി
തീയതി:02-02-2016 12:22:32 PM
Added by :Priya Udayan
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :