പിന്‍വിളി - തത്ത്വചിന്തകവിതകള്‍

പിന്‍വിളി 

ഒരു പാത യാത്രക്കുമുന്‍പിലുണ്ടന്നുനാ-
മൊരുമിച്ചു കാല്‍വച്ചു കൈ പിടിച്ച്
വഴിയരികിലെല്ലാം ചിരിച്ചപൂക്കള്‍ ഉടന്‍
കൊഴിഞ്ഞിതളിലാ പാത പൂമെത്തയായ്
കിളികളെല്ലാം ചിലച്ചരികിലെത്തി വഴി
ചിറകിലെ തൂവലാല്‍ മൃതുലമാക്കി
ഉണര്‍വോടെ എല്ലാ മരച്ചില്ലയും തന്നു
തണലുംതണുപ്പുമായ് തളരാത്ത വായുവും
ദാഹമറിയിക്കാതെ തെളിനീരിനരുവിയും
ഫലമുള്ള മരമുണ്ട് പലവര്‍ഗ്ഗ വര്‍ണ്ണവും
എല്ലാം തികഞ്ഞു നാമുല്ലാസഭരിതരായ്
അല്ലലില്ലാ തല്ല് തമ്മിലില്ലാ
അന്നു നീ എന്നോടൊരാശചൊല്ലി
എനിക്കന്യമായ് തോന്നിയില്ലന്നതൊന്നും
ചൊന്നുടന്‍ പുഞ്ചിരിപ്പൂക്കളെല്ലാമിറുത്തന്നു
ഞാന്‍ നിന്നിലായ് മാല ചാര്‍ത്തി,
ചേലോടെ പാറുന്ന മാലാഖ പറവയെ
ചേലൊത്തകൂട്ടിലിട്ടേകിയില്ലേ
മിന്നുന്ന പറവതന്‍ തൂവലില്‍ തുന്നിയാ
കുപ്പായമന്നു ഞാന്‍ തന്നനേരം
നിന്‍ കണ്ണിലുണ്ടായ പൊന്നിന്‍ തിളക്കത്തി-
നെത്രയോ പറവയെ കൊന്നൊടുക്കി
ഒരുമിച്ചു തങ്ങുവാനൊരു നല്ലവീടു നീ
ഉരുവിടും മുന്‍പേ പണിഞ്ഞെടുക്കാന്‍
ഒരുപാടു വന്‍മരം കൊന്നൊടുക്കി നാം
ഒരുവേളയതുകണ്ടു പുഞ്ചിരിച്ചു
പലതുമില്ലാതാക്കി നാം തന്‍റെ യാത്രയില്‍
പ്രണയിനീ നീ തൃപ്ത തന്നെയല്ലേ
എന്നുള്ള ചോദ്യത്തിനുത്തരം തേടി ഞാന്‍
മെല്ലെത്തിരിഞ്ഞൊന്ന് നോക്കിയപ്പോള്‍
ഒരുവാക്കുമരുളാതെ എങ്ങോ കടന്നവള്‍
ഒരുപിടിക്കണ്ണീരതവിടെപ്പൊഴിച്ചു ഞാന്‍
മങ്ങുന്ന കാഴ്ചയിലൂടെന്തോ തിരഞ്ഞു ഞാന്‍
മനതാരിലുണ്ടായ സ്വപ്നങ്ങളെവിടെ
പിന്നിട്ടപാതകളിലെന്തെന്ന് നോക്കി ഞാന്‍
ഒന്നല്ലൊരായിരം കൊന്നപാപങ്ങളും
പ്രണയത്തില്‍ നാംകണ്ട മധുരമൊന്നും
വിരഹത്തിലിതുവരെ കണ്ടതില്ല
പ്രണയിനീ നാം കണ്ട സ്വപ്മനമെല്ലാം പ്രഹരമായെന്നിലുണ്ടറിയുകില്ലേ,
തിരയുന്നു ഞാനെന്‍റ വിരഹത്തിലും
സിരയിലൂടൊഴുകിടും നിെന്‍റ രൂപം
ഇനിയെന്‍റെ യാത്രയില്‍ പൂക്കളില്ല
ചിലച്ചരികിലെത്താറുള്ള കിളികളില്ല
അരുവിയില്ല ഫലം പകരുന്ന മരമില്ല
അരികിലില്ല വായു വിതറുന്ന തണല്‍ മരം
രുചിയുള്ളതൊന്നുമിനി നാവിനില്ല കണ്ണ്
നിറമാര്‍ന്ന കാഴ്ചകള്‍ കാണുകില്ല
നന്മയെന്‍റുള്ളില്‍ മുളച്ചീടുവാന്‍ പാത
പാതി ഞാന്‍ പിന്നിട്ടിടേണ്ടി വന്നു
ഇനിയുള്ള പാതയില്‍ തനതായ പ്രകൃതിയെ
പനിനീരുകുടയണം ഇരുകരത്താല്‍
കനിവൊള്ളൊരുത്തനായുണരുന്ന ഞാനിനി
തഴയില്ല ചെറിയപുല്‍ക്കൊടികള്‍ പോലും


up
0
dowm

രചിച്ചത്:രഞ്ജിന്‍ രാജു
തീയതി:24-02-2016 12:43:49 PM
Added by :Renjin Raju
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :