ദ്രൗപതി  അഥവാ പാഞ്ചാലി - മലയാളകവിതകള്‍

ദ്രൗപതി അഥവാ പാഞ്ചാലി 

പാഞ്ചാലരാജൻ പ്രതികാരദാഹിയായ്
പഞ്ചാഗ്നിമദ്ധ്യേ തപം ചെയ്തതിൻ
പ്രസാദമായ് യഞ്ജ കുണ്ഡത്തിൽ നിന്നുത്ഭവിച്ച
പുത്രിയത്രേ യാഞ്ജസേനയാം ദ്രൌപതി
പഞ്ചബാണനടിമുടിയഴകേകിയവൾ
പാർത്ഥസാരഥിയെ ഭക്തിയാൽ ഭജിച്ചവൾ
പാർത്ഥനെ പ്രണയപൂർവ്വം വരിച്ചവൾ
പ്രദ്യോതനനേകിയോരക്ഷയ പാത്രത്തിൽ നിന്നന്നം
പകുത്തു പകരും പോലെ, പ്രാക്തനത്താലഞ്ചു
പാണ്ഡവൻമാർക്കുമായ് ഊഴം
പറഞ്ഞു വിളമ്പപ്പെട്ടവൾ ..
പഞ്ച പാണ്ഡവൻമാരോടെല്ലാം ശയിച്ചു
പാഞ്ചാലിയായ്‌ വാണവൾ
പഞ്ച വല്ലഭയായ് പരിലസിക്കുമ്പോഴും
പചത ശോഭിതനാം കർണ്ണനെ കാമിച്ചവൾ
പരിഹാസ ചിരിയാലൊരു മഹാ യുദ്ധത്തിനു
പെരുമ്പറ മുഴക്കിയവൾ
പകയുടെ കനലുകളണയാതെ
പുകയൂതി തെളിച്ചവൾ
പകിട പലകയിൽ പതി വീരരാൽ
പണയം വയ്ക്കപ്പെട്ടവൾ
പഞ്ച വല്ലഭൻമാരും കാണ്‍കെ
പര പുരുഷനാൽ പുടവയഴിക്കപ്പെട്ടവൾ
പീതാംബര പ്രിയയെങ്കിലുമെത്രയോ
പരിതപ്തയായിരുന്നു നീ ദ്രൗപതി
പഞ്ച പ്രാണേശ്വരൻമാരിൽ പലരുമേറെ
പത്നിമാരുമായ് രമിക്കവേ
പിടയുന്ന നിൻ നെഞ്ചകമാരു കണ്ടു
പഞ്ച പുത്രന്മാരുമൊരു ചതിയാൽ
പരലോകം പൂകിയെന്നതറിഞ്ഞു
പൊഴിഞ്ഞ നിൻ കണ്ണുനീർത്തുള്ളികൾ
പേമാരിയായ് ആർത്തലച്ചു പെയ്തൊരാ
പ്രളയക്കെടുതിയിലാകെ മുങ്ങിപ്പോയോരോ രിപുവും
പുത്ര വിയോഗ വ്യഥ കൊണ്ടു
പതിത പങ്കജയെങ്കിലും, പാർഷതീ
പടർന്നാളുന്ന തീ പന്തമായ് നീ
പ്രതികാര ത്വര പകർന്നോരോ പതിയിലും
പരമാനന്ദപദമണയും വരേയും
പിരിയാതോരോ പതിയോടോപ്പവും
പഞ്ചസായക മഞ്ജു ലീലാകളാടി
പ്രേമ പഞ്ജരം തീർത്തവൾ
പിന്നെയുമെന്തിത്ര പരാഭൂതയായിതു
പാഞ്ചാലരാജ തനയേ, യിതു പോൽ
പരിശപ്തയായേതു നാരിയുണ്ടീ ഭൂവിൽ
പഞ്ച വല്ലഭൻമാരേയുമൊരു പോൽ
പരിചരിച്ചനുചരിച്ചവൾ, എങ്കിലും
പ്രാണനിൽ പാതിയാം പ്രിയപത്നി
പ്രാണപ്രയാണ വിവശയായ് വീണതറിഞ്ഞിട്ടും
പിൻ തിരിഞ്ഞൊന്നു നോക്കാത്ത
പതി പുംഗവൻമാരാൽ
പാതി വഴിയിൽ പരിത്യക്തയായവൾ
പഞ്ച നാരിമാരിലൊരുവളായ്
പരി പൂജിതയെങ്കിലും, ഇത്രമേൽ
പരാജിതയായേതു നാരിയുണ്ടീ ഭാരതഭൂവിൽ
പാരിതിലിനിയുമുണ്ടാവരുതേ
പാഞ്ചാലിമാരിതു പോൽ
പങ്കു വയ്ക്കപ്പെടുവാൻ,
പണയപ്പണ്ടമാകുവാൻ,
പരിചാരികയാകുവാൻ,
പ്രോജ്ഝിതയാകുവാൻ, ഇനിയും
പുനർ ജനിക്കാതിരിക്കട്ടെ പാഞ്ചാലിമാർ
പുനർ ജനിക്കാതിരിക്കട്ടെ പാഞ്ചാലിമാർ

******* മഞ്ജുഷ ഹരീഷ് ********
Ourharsha.blogspot.com


up
0
dowm

രചിച്ചത്:മഞ്ജുഷ ഹരീഷ്
തീയതി:08-03-2016 07:04:49 AM
Added by :Manjusha Hareesh
വീക്ഷണം:283
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :