ധർമ്മാഭിഷേകം  - തത്ത്വചിന്തകവിതകള്‍

ധർമ്മാഭിഷേകം  

സൂര്യന്റ്റെ ആദ്യ കിരണങ്ങൾ,
രാജവീഥിയിൽ സശ്രദ്ധം പതിക്കവേ...
സൂര്യ ചിഹ്ന പതാക,
ഉയരത്തിൽ വാനോളം പറക്കവേ...
കർമ്മത്താൽ വേർ പിരിയും, പല വിധ ജാതിയും,
ധര്മ്മത്തറയിൽ ഏക കാര്യാർത്ഥം,
ഒന്നായി കൂടവേ....

നാഥന്റ്റെ വീഴ്ചയും, ശത്രുവിൻ വാഴ്ചയും,
കാണാൻ വിധിച്ചൊരു, രാക്ഷസ ജാതിയും..
ദാനമാം പുണ്യത്തിൽ, മാന്യമായി ചമയും,
മംഗളം നൽകുമീ, ദേവതാ ജാതിയും...
അന്യന്റ്റെ കഥയിൽ, ജീവിതം ഞാണിൽ,
ആടുവാൻ ജനിച്ചൊരു, വാനര ജാതിയും...
മിഥ്യയാം ജീവനും, സത്യമാം മരണവും,
കഥയൊട്ടും അറിയാത്തൊരു, മാനവ ജാതിയും...
കാലം മറന്നവർ,വൈരം മറന്നവർ,
പരസ്പ്പരം മാറോട് അണയ്ക്കവേ...

കണ്ടീലയോ,
ആനന്ദം ആറാടും ആരവങ്ങളിൽ,
സാകേതപുരി നന്നായി അണിഞ്ഞൊരുങ്ങി,
എന്റ്റെ ശ്രിരാമ രാജന്റ്റെ, രാജ്യാഭിഷേകത്തിനായി....

പുത്രന്റ്റെ വിജയം രചിച്ചൊരു കാവ്യങ്ങൾ,
നഷ്ടങ്ങളിൻ തുടർകഥയായൊരു കൈകേയിയും,
പുത്രന്റ്റെ വിരഹം സഹിച്ചൊരു മാനസം,
കഷ്ടങ്ങളിൻ കാവ്യങ്ങൾ ആയൊരു കൌസല്യയും
പുത്രർ ഇരുവരും മറന്നൊരു ജന്മമായി,
മൌനങ്ങളിൻ നിത്യ സഞ്ചാരിയായൊരു സുമിത്രയും,
ഒന്നായി അവർ,
പക്ഷെ തമ്മിൽ അറിയാത്ത വള്ളികളിൽ ,
പൂമൊട്ടുകൾ കോർക്കവേ..
എന്നെ കണ്ടു, മന്ത്രിച്ചു മാതാക്കൾ മന്ദസ്മിതം...
"ദുഷിച്ചു വാടിയ പൂക്കളെല്ലാം,
ഇന്നലെ രാവിൽ കളഞ്ഞുവത്രെ"

കണ്ടീലയോ,
ആനന്ദം ആറാടും ആരവങ്ങളിൽ,
സാകേതപുരി നന്നായി അണിഞ്ഞൊരുങ്ങി,
എന്റ്റെ ശ്രിരാമ രാജന്റ്റെ, രാജ്യാഭിഷേകത്തിനായി.....

നാഥന്റ്റെ കർമ്മം കനിഞ്ഞൊരു നിദ്രാപകുതിയാൽ,
കാലത്തെ തോല്പിച്ച പോരാളി ഊർമിളയും.
നാഥന്റ്റെ പ്രണയം വരിഞ്ഞൊരു താലിച്ചരടിനാൽ,
കാലം തോല്പിച്ച മാൺന്ധവി, ശ്രുതകീർത്തിയും,
എങ്ങലിൻ അലകൾ അടങ്ങാതെ അവർ,
ആദിത്യ പൂജക്ക്‌ ദ്രവ്യങ്ങൾ ഒരുക്കവേ..
എന്നെ കണ്ടു, മന്ത്രിച്ചു കുമാരിമാർ മന്ദസ്മിതം,
"നിത്യ സുമംഗലീ പൂജക്ക്‌,
സിന്ദൂരാർചന നല്ലതത്രെ"

കണ്ടീലയോ,
ആനന്ദം ആറാടും ആരവങ്ങളിൽ,
സാകേതപുരി നന്നായി അണിഞ്ഞൊരുങ്ങി,
എന്റ്റെ ശ്രിരാമ രാജന്റ്റെ, രാജ്യാഭിഷേകത്തിനായി.....

പുത്രിതൻ മാറിടം ചേദിച്ച ശരവുമായി,
ഖേദിച്ചു ജീവിക്കും അച്ഛനാം അചലവും,
മോഹിച്ച മാറിടം ചേദിച്ച മുറിവുമായി,
നാണിച്ചു ജീവിക്കും രാക്ഷസി മീനാക്ഷിയും,
ചന്ദനമുട്ടിയിൽ എരിഞ്ഞൊരു ജന്മങ്ങളിൻ വ്യഥകൾ,
ചാലിച്ച് കഥകളിൻ താലത്തിൽ ആക്കവേ..
എന്നെ കണ്ടു, മന്ത്രിച്ചു പൌത്രിയും മുത്തച്ചനും മന്ദസ്മിതം,
"ശാപഭൂഷിത ദേഹികൾക്ക്,
കളഭധാര മോക്ഷമത്രെ"

കണ്ടീലയോ,
ആനന്ദം ആറാടും ആരവങ്ങളിൽ,
സാകേതപുരി നന്നായി അണിഞ്ഞൊരുങ്ങി,
എന്റ്റെ ശ്രിരാമ രാജന്റ്റെ,രാജ്യാഭിഷേകത്തിനായി.....

മറവിൽ എയ്തോരു ഒളിയമ്പ് തിരിച്ചു,
ശാപമായി നല്കിയൊരു ബാലി തൻ താരയും,
മുന്നിൽ എരിയുന്ന രാജ്യവും ജീവനും,
ശാന്തമായി കണ്ടുനിന്നൊരു ലങ്ക തൻ റാണിയും,
മാനവ വീര ബാലന്മാർക്കു, പരാക്രമ കഥകൾ,
പകയുടെ വീര്യം ചോരാതെ, പകർന്നു നല്കവേ..
എന്നെ കണ്ടു, മന്ത്രിച്ചു രാജ്ഞിമാർ മന്ദസ്മിതം,
"പോരിൽ വെടിയും ജീവെനെങ്കിൽ,
വീര സ്വർഗം പ്രപിക്കുമത്രെ"

കണ്ടീലയോ,
ആനന്ദം ആറാടും ആരവങ്ങളിൽ,
സാകേതപുരി നന്നായി അണിഞ്ഞൊരുങ്ങി,
എന്റ്റെ ശ്രിരാമ രാജന്റ്റെ, രാജ്യാഭിഷേകത്തിനായി.....

പൂജ്യനാം പതിയുടെ യശസ്സിനായ് പുണ്യത്തിൽ,
ശുദ്ധമാം അഗ്നിയിൽ ശുദ്ധയാം പത്നിയും,
മതൃത്തഭാവത്തൽ മക്കളാം ജനങ്ങൾക്കു,
ദാനമായി അന്നത്തിൻ അരിമണികൾ നല്കവേ,
ഉള്ളിലും പിന്നിലും, മുഷിഞ്ഞ ഭാണ്ടകെട്ടുമായി,
കപട ചിരിയുമായി,ഇരു കൈകളും നീട്ടി,
മുന്നിൽ നില്ക്കും വണ്ണാനെ കാണവേ...
ജാനകിയുടെ അക്ഷിതൻ വരമ്പുകൾ അണപൊട്ടി,
വിരഹ ദുഖം ധാരയായി ഒഴുകുമ്പോൾ,
എന്നെ കണ്ടു, മന്ത്രിച്ചു മൈഥിലി മന്ദസ്മിതം,
"ഉത്തര രാമായണ ചരിതമെല്ലാം,
ഉദ്യാന തത്ത പറഞ്ഞുവത്രെ"

കണ്ടീലയോ,
ആനന്ദം ആറാടും ആരവങ്ങളിൽ,
സാകേതപുരി നന്നായി അണിഞ്ഞൊരുങ്ങി,
എന്റ്റെ ശ്രിരാമ രാജന്റ്റെ, രാജ്യാഭിഷേകത്തിനായി.....

വിശ്വസ്ത ജ്വിഹമേൽ വാണിതൻ കേളിയും,
പിഴച്ചൊരു വചനവും, പൊരുൾ ഒട്ടുമറിയാതെ മുത്തശ്ശിയും,
കൂട്ടത്തിൽ ഏകയായി, രാമ രാമേതി ചൊല്ലി,
പാപത്തിൻ കൂനുമായി, ഭ്രാന്തമായി നടക്കവേ,...
എന്നെ കണ്ടു, മന്ത്രിച്ചു മന്ഥരയും മന്ദസ്മിതം,
"അവതാരലക്‌ഷ്യം പ്രഥമം എങ്കിൽ, അനുചിതമെല്ലാം ഉചിതമത്രെ"

കണ്ടീലയോ,
ആനന്ദം ആറാടും ആരവങ്ങളിൽ,
സാകേതപുരി നന്നായി അണിഞ്ഞൊരുങ്ങി,
എന്റ്റെ ശ്രിരാമ രാജന്റ്റെ, രാജ്യാഭിഷേകത്തിനായി.....

ചിതൽപുറ്റിൻ ഭാവനയിൽ, തസ്കരൻ കഥകളിൽ,
അയോധ്യയും, കിഷ്കിന്ധയും, സുന്ദര ലങ്കയും,
പാറി പറക്കും, പൈങ്കിളി പെണ്ണാണ്‌ ഞാൻ,
ഒരു പാവം ദ്രിക്സാക്ഷിയാണ് ഞാൻ,
നെടുവീര്പ്പിട്ടു, മന്ത്രിച്ചു സ്വയം മന്ദസ്മിതം,
"അവസ്ഥാന്തരങ്ങൾ പലതും വിചിത്രം,
വിദ്വാന് ഭുഷണം മൌനമത്രേ"

കണ്ടീലയോ,
ആനന്ദം ആറാടും ആരവങ്ങളിൽ,
സാകേതപുരി നന്നായി അണിഞ്ഞൊരുങ്ങി,
എന്റ്റെ ശ്രിരാമ രാജന്റ്റെ, രാജ്യാഭിഷേകത്തിനായി.....

കാലത്തെ തിരിഞ്ഞു നോക്കി
മാതാക്കൾ ചിരിക്കുന്നു,
ഭാവിയെ നോക്കി
ഭാര്യയും ചിരിക്കുന്നു,
വിയോഗം മാഞ്ഞു പൊയ്
സോദരിമാർ ചിരിക്കുന്നു,
നിയോഗം ദൈവഹിതം
അച്ഛനും ചിരിക്കുന്നു,
വിധേയത്വം ശീലമായി
കുമാരികൾ ചിരിക്കുന്നു,
വൈധവ്യം മറന്നു പൊയ്
വിധവകളും ചിരിക്കുന്നു,

"സത്യം വദാ ധർമ്മം ചരാ" ചൊല്ലി
ദൈവങ്ങൾ ചിരിക്കുന്നു,
മനസാ വാചാ കർമ്മണാ അർഥം അറിയാതെ മനുഷ്യരും ചിരിക്കുന്നു,
പറഞ്ഞു മടുത്തൊരു ഉൾത്തടം മറച്ച്,
നനഞ്ഞു തുടുത്തൊരു കവിൾത്തടം തുടച്ച്,
ഏവരും ചിരിക്കുന്നു, സ്തബ്ധനായി..
ഞാനും ചിരിക്കുന്നു, നിശബ്ധമായി..
നീയും ചിരിക്കുക....

കണ്ടീലയോ,
ആനന്ദം ആറാടും ആരവങ്ങളിൽ,
സാകേതപുരി നന്നായി അണിഞ്ഞൊരുങ്ങി,
എന്റ്റെ ശ്രിരാമ രാജന്റ്റെ, രാജ്യാഭിഷേകത്തിനായി.....


up
0
dowm

രചിച്ചത്:സുജിത് രാജ്
തീയതി:17-04-2016 03:49:03 PM
Added by :Sujith Raj
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :