അച്ഛൻ - മലയാളകവിതകള്‍

അച്ഛൻ 


അച്ഛനില്ലാതായപ്പോഴാണ്
വാതിലിന്റെ അടച്ചൊറപ്പിൽ
സംശയം തോന്നി തുടങ്ങിയത്

അച്ഛനില്ലാതായപ്പോഴാണ്
അയൽപക്കത്തുള്ള
ആണുങ്ങൾക്ക് ഞങ്ങളോടിത്ര
സ്നേഹമുണ്ടെന്ന്
മനസ്സിലായിതുടങ്ങിയത്

അച്ഛനില്ലാതായപ്പോഴാണ്
വീടിന്റെ അതിരിൽ അയൽക്കാർ
നുഴഞ്ഞു കയറാനും
അതിരുകൾ മാറാനും തുടങ്ങിയത്

അച്ഛനില്ലാതായപ്പോഴാണ്
അടുക്കളയിലെ വെട്ടു കത്തി
ഞങ്ങളോടൊപ്പം രാത്രി ഉറങ്ങാൻ
കൂട്ട് വന്നത്…

അച്ഛനില്ലാതായപ്പോഴാണ്
പറമ്പിലെ തേങ്ങയും വാഴക്കുലകളും
രാത്രിയിൽ അപ്രത്യക്ഷമാകാൻ
തുടങ്ങിയത്

അച്ഛനില്ലാതായപ്പോഴാണ്
ആങ്ങളമാരായി
കരുതിയവരോക്കെയും
ആങ്ങളമാരല്ലെന്നു
മനസ്സിലായി തുടങ്ങിയത്

അച്ഛനില്ലാതായപ്പോഴാണ്
ആണോരുത്തൻ
വീട്ടിലില്ലാത്തത്തിന്റെ ദോഷം
മനസ്സിലായി തുടങ്ങിയത് !


up
0
dowm

രചിച്ചത്:ഷിബു
തീയതി:17-04-2016 04:03:25 PM
Added by :shibu araangaly
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :