ഒരു പക്ഷി കഥ  - മലയാളകവിതകള്‍

ഒരു പക്ഷി കഥ  

ആകാശം മുട്ടുമാ അരയാലിൻ ചുവട്ടിലെ,
അരക്കെട്ട് തറയിൽ ഒരു രാജ യോഗം.......
ജടയോന്നു തടവി സിംഹരാജൻ,
ചുറ്റും ഒരു പറ്റം കിങ്കരൻ കൂട്ടവും...
മുന്നിൽ മൌനമായി മൃഗ സഞ്ചയം,
പിന്നിൽ കൂട്ടത്തിൽ ഏകനായി ഞാനും...
മദ്ധ്യേ നല്ലൊരു വാഴയില തുമ്പിൽ,
രക്തമൂറുന്നൊരു പച്ച ശരീരവും, കൂടെ..
അലറി കരഞ്ഞുകൊണ്ട് ഒരു തള്ള പക്ഷിയും..

അരി മണി നെൽ കതിർ ഊട്ടി വളർത്തിയ,
ജീവന്റെ ഘാതകൻ ആരെന്നു പറക നീ...
നെഞ്ച് പിളർക്കും,അമ്മ തൻ രോദനം,
കേട്ട് നടുങ്ങി, നിശബ്ധമായി കാനനം.

കാലത്തിൻ മാറ്റങ്ങൾ കാണാത്ത കണ്ണുകൾ,
പതിയെ തുറനങ്ങു ഓതിയപ്പോൾ ,
പ്രായത്തെ വെല്ലുമാ മുതല മുത്തച്ചൻ..
"പാറി പറക്കും പക്ഷികള്കെന്നും,
ഇതു തന്നെ ന്യായം, ഇതു തന്നെ അന്ത്യം"

നഗ്ന ശവത്തിന്റെ അംഗങ്ങൾ നോക്കി,
രതി മൂർച്ച കൂടിയങ്ങ് ഓതിയപ്പോൾ,
കള്ള ചിരിയുമായി പൂവാലൻ അണ്ണാൻ...
"അഴകൊത്ത മേനി തൻ വടിവൊത്ത ചിറകുകൾ,
അനക്കാതെ ആടാതെ സൂക്ഷിച്ചുവെപ്പാൻ"

ആർത്തിമൂത്ത് ഒട്ടും പറക്കുവാൻ ആകാത്ത,
വേടന്റെ ശിങ്കാരി മയിലമ്മ മൂളി...
"വർണ്ണചിറകുകൾ പാറി പറക്കുമ്പോൾ,
സ്ഥാനം തെറ്റുമാ തുവലിൻ ഇടയിൽ,
ഒളിഞ്ഞു നോക്കിയാൽ തെളിയുന്ന മേനിയാൽ,
ഉത്തേജിതൻ ആകുന്നു വേടനും കൂട്ടരും"

ധ്യാനം വെടിഞ്ഞൊരു മനുഷ ദൈവം,
പകൽ മാന്യൻ ആയോരു മൂങ്ങ സന്യാസി,
ജ്ഞാനത്തിൻ വചനങ്ങൾ മൊഴിഞ്ഞു മെല്ലെ..
"രക്ഷ ഏകും കൂട് ഒന്ന് ഉണ്ടന്നിരിക്കെ,
വിശപ്പ് മാറാൻ തീറ്റ എത്തുമെന്നിരിക്കെ,
എന്തിനായി പറക്കുന്നു,
എന്തിനായി ചിലയ്ക്കുന്നു,
എന്തിനായി പാടുന്നു,
എന്തിനായി ആടുന്നു,
മനോഹരമാം ഇരുട്ടു അറയ്ക്കുള്ളിൽ,
സുഖമായി നിങ്ങള്ക്ക് ജീവിച്ചു കൂടെ?"

ചുറ്റും നില്കുമാ കിങ്കരൻ കൂട്ടത്തെ,
രൂക്ഷമായി നോക്കി സിംഹരാജൻ,
ശൌര്യം കുറഞ്ഞൊരു മോണ കാട്ടി,
വിധിയുടെ വിചാരണ വിധി പറഞ്ഞു...
"കണ്ണുണ്ട് പക്ഷെ കാണുവാൻ പാടില്ല,
കാതുണ്ട് പക്ഷെ കേൾക്കുവാൻ പാടില്ല,
വായുണ്ട് പക്ഷെ തുറക്കുവാൻ പാടില്ല,
ചെറുതായി പോലും പാടുവാൻ പാടില്ല,
ചിറകുണ്ട് പക്ഷെ പറക്കുവാൻ പാടില്ല,
അഴകുള്ള മേനി അനക്കുവാൻ പാടില്ല,
ജനിച്ചതായി അറിയില്ല എന്നാ മട്ടിൽ,
ജീവിതം എന്ന് ഒന്ന് ഇല്ലന്ന മട്ടിൽ,
സുഖമായി നിങ്ങൾ ജീവിച്ചു മരിക്കണം."

ശോകം കണ്ണിൽ രക്തകറയായി,
രോക്ഷം പല്ലിൽ ഉരസി ഉരുമി,
തള്ള പക്ഷി അലറി കരഞ്ഞു...
"എന്റെ കുഞ്ഞാറ്റ പറക്കുവാൻ തുടങ്ങിയിട്ടില്ല...
എന്റെ കുഞ്ഞാറ്റ ചിറകുകൾ അനക്കിയിട്ടില്ല,
എന്റെ കുഞ്ഞാറ്റ പാടിയിട്ടില്ല, ആടിയിട്ടില്ല,
തന്റെ കൂട്ടിൽ നിന്നും അവൾ ഇറങ്ങിയിട്ടുമില്ല,
എന്നിട്ടും കൂട്ടരേ ഇന്നവൾ ജീവിച്ചിരുപതില്ല..."

"വേടന്റെ കണ്ണിൽ വിലയില്ല ജീവനും,
ജീവന്റെ നിലക്കാത്ത ശാസ്വത്തിനും.... അമ്മയെന്നില്ല, പെങ്ങളെന്നില്ല,
അന്യന്റെ പെണ്ണെന്ന ചിന്തയില്ല,
കൂടെന്നുമില്ല, കാടെന്നുമില്ല,
ഇന്ന സ്ഥലമെന്ന ചിന്ത ഒട്ടുമില്ല,
മൂത്ത് നരച്ചൊരു തള്ളയില്ല,
കൊഞ്ചുന്ന പിഞ്ചു പിള്ളയില്ല,
വർണ്ണ വിവേചനം തീരെയില്ല,
വേടന്റെ മുന്നിൽ ഇരകൾ എല്ലാം"

"ക്രൂരന്റെ ചടുലമാം ദാഹത്തിന്നായി,
വികലമാം കാമ ഭോഗത്തിനായി,
ഹോമിക്കും ദേഹിയായി മാറിയിട്ടും, ഞങ്ങളെ..
രക്ഷിപ്പാൻ ആരെയും കണ്ടതില്ല.."

"കൂട്ടരേ നിങ്ങളുടെ കൂട് തേടി,
വേടനും കൂട്ടരും എത്തുന്ന നേരം,
നിങ്ങൾ ഭുജിക്കുമീ മൌനം കാരണം,
നിങ്ങളുടെ കൂടും തകരുമെന്നൊർക്കന്നീ.."

ഞെട്ടലിൽ ഞെട്ടറ്റു വീണ പോലെ, എൻ
ആത്മാവ് തൊട്ടൊരു ചിന്ത പൊട്ടി,
പറക്കാൻ കൊതിക്കുന്ന പക്ഷിയും, പിന്നെ
നന്നായി പറക്കുന്ന പക്ഷിയും,
രണ്ടു എണ്ണം ഉണ്ടെന്റെ കൂട്ടിൽ...
ഇനിയൊട്ടു വൈകാതെ പോകട്ടെ ഞാൻ ഇന്നു,
അണയട്ടെ ഞാൻ എന്റെ കൂടതൊന്നിൽ,

നാളെ ചിലപ്പോൾ ആര് കണ്ടു, വീണ്ടുമാ....
അരക്കെട്ട് തറയിൽ ഒരു രാജ യോഗം.......
ജടയോന്നു തടവി സിംഹരാജൻ,
മുന്നിൽ മൌനമായി മൃഗ സഞ്ചയം..

പിന്നിൽ കൂട്ടത്തിൽ ഏകനായി നിങ്ങളും, കൂടെ..
നിങ്ങൾ അറിയാത്തൊരാ വേടനും കൂട്ടരും..


up
1
dowm

രചിച്ചത്:സുജിത് രാജ്
തീയതി:24-05-2016 04:09:07 PM
Added by :Sujith Raj
വീക്ഷണം:260
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :