ഒരു മിഴിനീര്‍ത്തുള്ളിയുടെ ഓര്‍മ്മ - പ്രണയകവിതകള്‍

ഒരു മിഴിനീര്‍ത്തുള്ളിയുടെ ഓര്‍മ്മ 

നിനക്കു പറയാന്‍ എന്നും
ഒരുപാട് കഥകളുണ്ടായിരുന്നു.

ഓരോ കഥയുടെയും ഒടുവില്‍
നിന്റെ കണ്ണുകള്‍ നനഞ്ഞിരിക്കും.

നിന്റെ ഉള്ളില്‍
എന്തോ വിഷമമുണ്ടെന്ന്
എനിക്കു തോന്നിയിരുന്നു.
ആദ്യമേ തന്നെ ഞാന്‍
നിന്നോടതു ചോദിക്കുകയും ചെയ്തു.

കവിത തുളുമ്പുന്ന വാക്കുകള്‍
നിന്റെ മറുപടിയില്‍
ഉണ്ടായിരുന്നില്ല.

എങ്കിലും നിന്റെ സാന്നിദ്ധ്യം
ഒരു പാട്ടു പോലെ
എന്നെ തളര്‍ത്തിയിരുന്നു.

യാത്ര ചെയ്ത വഴികളിലെല്ലാം
ഞാനാ സ്വരം തിരഞ്ഞിരുന്നു.

എനിക്കറിയാമായിരുന്നു,
ഏതൊരു കാറ്റിലും
നിന്റെ സാമീപ്യമുണ്ടെന്ന്.

ഞാന്‍ മറന്നു പോയ വരികള്‍
എന്നെ ഓര്‍മ്മിപ്പിച്ചതു നീയാണ്.
നിന്റെ കണ്ണുകളാണ്
എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്.

രാത്രികളുടെ ദൈര്‍ഘ്യമോര്‍ത്ത്
ഞാനാദ്യമായി ആകുലനായത്
നിന്നെ പരിചയപ്പെട്ടതിനു ശേഷമാണ്.

രാത്രികള്‍ ഉറങ്ങാനുള്ളതല്ലെന്നും,
ഉണര്‍ന്നു കിടന്ന് സ്വപ്നം കാണാനുള്ളതാണെന്നും
നീയാണെന്നെയോര്‍മ്മിപ്പിച്ചത്.

ഞാന്‍ ഉറങ്ങുവോളം
എനിക്ക് കാവലായിരുന്നത്
നിന്റെ വാത്സല്യമായിരുന്നു.

നിന്റെ മടിയില്‍ തലചായ്ചുറങ്ങാനാണ്
ഞാനെന്നും കൊതിച്ചിരുന്നത്.

കൈവിട്ടു പോയെന്നു കരുതിയതെന്തോ
നീയെനിക്കു നേടിത്തന്നിരുന്നു.

അകന്നു പോവുന്ന
ഒരു സ്നേഹതിന്റെ ഓര്‍മ്മ
നീയെന്നില്‍ ഉണര്‍ത്തിയിരുന്നു.

ഇന്നീ വഴിയില്‍
തനിച്ചു നടക്കുമ്പോള്‍
ഞാനറിയൂന്നു,
എനിക്കു നഷ്ടമായതെന്തെന്ന്.

എന്റെ ഓര്‍മകള്‍ക്കു പോലും
ഇന്നു നിന്റെ മുഖം പരിചയമില്ല.

നീയൊരു മിഴിനീര്‍ത്തുള്ളിയായ്
എന്റെ മിഴികളില്‍ നിറയുന്നു.

നിന്റെ ചിന്തകള്‍
ഇന്നെനിക്കൊരു വേദനയാണ്.


up
0
dowm

രചിച്ചത്:jineesh
തീയതി:23-07-2011 11:57:08 AM
Added by :prahaladan
വീക്ഷണം:673
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :