ഓര്‍മ്മകളുടെ സുഗന്ധം - തത്ത്വചിന്തകവിതകള്‍

ഓര്‍മ്മകളുടെ സുഗന്ധം 

എത്ര മഴക്കാലങ്ങള്‍ മാഞ്ഞു പോയി,
എത്രയോ സന്ധ്യകള്‍ നിറം മങ്ങി വീണു…

എന്നിട്ടുമെന്തേ,
ഒരു സ്വപ്നമായെങ്കിലും
നീയെന്നരികിലെത്തിയില്ല?

നീയരികിലില്ലാത്ത വേദനയില്‍
നിന്റെ മുഖം പോലും
എനിക്കോര്‍മ്മ വരുന്നില്ല.
നിന്റെ വാക്കുകളൊന്നും
കേള്‍ക്കുന്നുമില്ല.

നിന്റെ ഓര്‍മ്മകള്‍
എന്റെ ഉള്ളില്‍ എരിഞ്ഞു കത്തുന്നു.
നീയൊരു പാട്ടായി
ചുണ്ടില്‍ വിരിയുന്നു…അന്നു നാമൊന്നിച്ചു പോയ
വഴികളിലൂടെ
ഞാനിന്നലെ വെറുതെ നടന്നു.

മാഞ്ഞുപോയ നിന്റെ
കാലടിപ്പാടുകള്‍ക്കായ്
അറിയാതെയെന്‍ മിഴികള്‍ പരതി.

ഒരു കാറ്റിലലിഞ്ഞു പൊഴിയുന്ന
നിന്റെ പാദസരക്കിലുക്കം
കേള്‍ക്കാനെന്‍ മനസ്സു കൊതിച്ചു.

നിന്റെ നിഴലുകള്‍ വീണുമാഞ്ഞ
പുഴയോരത്തു ഞാന്‍
എല്ലാം മറന്നു നിന്നു.

നാമൊന്നിച്ച് നനഞ്ഞ
വേനല്‍മഴകളുടെ ഓര്‍മ്മയില്‍
വീണ്ടുമെന്‍ ഹൃദയം കുളിര്‍ത്തു.

നിന്റെ സ്വരങ്ങളലിഞ്ഞു ചേര്‍ന്ന കാറ്റില്‍
നിന്റെ പാട്ടിനായി
ഞാന്‍ കാതോര്‍ത്തു.

അറിയാതെയെന്‍ വിരലുകള്‍ കൊതിച്ചു,
നിന്റെ വിരല്‍ത്തുമ്പിന്‍ ചൂടിനായി.
അറിയാതെയെന്‍ മനസ്സു തുടിച്ചു,
നിന്റെ ശ്വാസത്തിന്‍ കുളിരിനായി.

എനിക്കു വേണ്ടി നീ മൂളിയ
പാട്ടുകളോരോന്നും
ഒരു പുതുമഴയെന്ന പോലെ
എന്നില്‍ നിറയുന്നതു ഞാനറിഞ്ഞു.

നിന്റെ ചിരിയില്‍ വിരിഞ്ഞ
പൂക്കളുടെ ഗന്ധം
എന്റെ സ്വപ്നങ്ങളില്‍
നിറയുന്നതു ഞാന്‍ കണ്ടു.

നീയൊരു കാറ്റായ്
എന്റെ നൊമ്പരങ്ങളെ
തലോടിയുറക്കുന്നത് ഞാനറിഞ്ഞു.

നിന്റെ സ്നേഹം
എന്നെ പൂര്‍ണ്ണനാക്കുന്നതു
ഞാനറിഞ്ഞു.


up
0
dowm

രചിച്ചത്:jineesh
തീയതി:23-07-2011 11:54:50 AM
Added by :prahaladan
വീക്ഷണം:736
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :